ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ പരാജയപ്പെടുത്തി ബ്രൈറ്റന്റെ ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബ്രൈറ്റനെതിരായ മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ലിവര്‍പൂളിന് ഞെട്ടിക്കുന്ന തോല്‍വി. എതിരില്ലാത്ത ഒരു ഗോളിനാണ് ലിവര്‍പൂള്‍ പരാജയപ്പെട്ടത്. അമ്പത്താറാം മിനുട്ടില്‍ സ്റ്റീവന്‍ എല്‍സെയ്റ്റ് നേടിയ ഗോള്‍ ആണ് ബ്രൈറ്റനെ ജയത്തിലേക്ക് നയിച്ചത്. ഇതോടെ ലീഗില്‍ ലിവര്‍പൂള്‍ നാലാം സ്ഥാനത്തേക്കെത്തി. അതേസമയം ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റി ബേണ്‍ലിയെ തോല്‍പ്പിച്ചു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു സിറ്റിയുടെ ജയം. ഗബ്രിയേല്‍ ജീസസും, റഹീം സ്റ്റര്‍ലിംഗുമാണ് സിറ്റിക്കായി ഗോളുകള്‍ നേടിയത്. 21 കളികളില്‍ നിന്ന് 47 പോയിന്റാണ് സിറ്റിക്കുള്ളത്.

മറ്റൊരു മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റി എതിരില്ലാത്ത രണ്ട് ഗോളിന് ഫുള്‍ഹാമിനെ തോല്‍പ്പിച്ചു. കെലേച്ചി ഹിയാന്‍ച്ചോ, ജയിംസ് ജസ്റ്റിന്‍ എന്നിവരാണ് ലെസ്റ്ററിന്റെ ഗോളുകള്‍ നേടിയത്. 22 മത്സരങ്ങളില്‍ 42 പോയിന്റുള്ള ലെസ്റ്റര്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് പിന്നില്‍ മൂന്നാമതാണ്. ഇത്രയും മത്സരങ്ങളില്‍ 44 പോയിന്റാണ് മാഞ്ചസ്റ്ററിനുള്ളത്.

എവര്‍ട്ടണ്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ലീഡ്‌സ് യുനൈറ്റഡിനെ തോല്‍പ്പിച്ചു. ജില്‍ഫി സിഗുറോസണ്‍, കാല്‍വര്‍ട്ട് ലെവിന്‍ എന്നിവര്‍ എവര്‍ട്ടണ് വേണ്ടി ഗോളുകള്‍ നേടി. റഫീഞ്ഞയാണ് ലീഡ്‌സിന്റെ ഏകഗോള്‍ നേടിയത്. 20 മത്സരങ്ങളില്‍ 36 പോയിന്റുമായി ആറാം സ്ഥാനത്താണ് എവര്‍ട്ടണ്‍.

Top