ലിവര്‍പൂള്‍ പ്രതിസന്ധിയില്‍; താരത്തിന്റെ പരിക്ക് തിരിച്ചടിയാകുന്നു

ലിവര്‍പൂള്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന് തിരിച്ചടി. ബ്രസീലിയന്‍ താരം റോബര്‍ട്ടോ ഫിര്‍മിനോയ്ക്ക് പരിക്കേറ്റതോടെയാണ് ചാമ്പ്യന്‍സ് ലീഗില്‍ നാളെ ബാഴ്‌സയെ നേരിടാനൊരുങ്ങുന്ന ലിവര്‍പൂള്‍ പ്രതിസന്ധിയിലായത്. നാളത്തെ മത്സരത്തില്‍ ബ്രസീലിയന്‍ താരം ഫിര്‍മിനോ കളത്തിലിറങ്ങില്ലെന്നാണ് റിപ്പോര്‍ട്ട്.

ആദ്യപാദ സെമിയില്‍ ബാഴ്സയെ നേരിടുമ്പോഴാണ് ഫിര്‍മിനോയ്ക്ക് പരിക്കേറ്റത്. പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ പരുക്കേറ്റ മുഹമ്മദ് സലായ്ക്ക് ബാഴ്സയ്ക്കെതിരെ കളിക്കാനാവുമെന്നാണ് ലിവര്‍പൂളിന്റെ പ്രതീക്ഷ.

ന്യൂകാസിലിനെതിരായ മത്സരത്തില്‍ സലായുടെ തലയ്ക്ക് പരിക്കേറ്റിരുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരമാവും സലയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയെന്ന് ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പ് പറഞ്ഞു.

Top