പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനും ചെല്‍സിക്കും തോല്‍വി ; മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ വീണ്ടും തോറ്റു. ലീഡ്‌സിനോട് ഒന്നിനെതിരെ രണ്ട് ഗോളിനാണ് തോറ്റത്. നാലാം മിനിറ്റില്‍ റെഡ്രിഗോ മെറേനൊയുടെ ഗോളിലൂടെ മുന്നിലെത്തിയ ലീഡ്‌സിനെ, മുഹമ്മദ് സലായുടെ ഗോളിലൂടെ ലിവര്‍പൂള്‍ സമനിലയിലാക്കി. എന്നാല്‍ അവസാന നിമിഷം മത്സരം കൈവിട്ടു. 89ആം മിനിറ്റിലായിരുന്നു ലീഡ്‌സിന്റെ വിജയഗോള്‍. ലീഗില്‍ ഒമ്പതാം സ്ഥാനത്താണ് ലിവര്‍പൂളിപ്പോള്‍.

ചെല്‍സിക്കും വന്‍ തോല്‍വി പിണഞ്ഞു. ബ്രൈറ്റണ്‍ ഒന്നിനെതിരെ നാല് ഗോളിന് ചെല്‍സിയെ തോല്‍പിച്ചു. രണ്ട് സെല്‍ഫ് ഗോള്‍ വഴങ്ങിയതാണ് ചെല്‍സിയുടെ ആഘാതം കൂട്ടിയത്. ലിയാന്‍ഡ്രോ തൊസാര്‍ഡും പാസ്‌കര്‍ ഗ്രോബുമാണ് ബ്രൈറ്റന്റെ സ്‌കോറര്‍മാര്‍. കായ് ഹാവെട്‌സാണ് ചെല്‍സിയുടെ സ്‌കോറര്‍. റൂബന്‍ ലോഫ്റ്റസ് ചീക്കും ട്രെവോ ചലോബയുമാണ് ചെല്‍സിക്ക് സെല്‍ഫ് ഗോള്‍ സമ്മാനിച്ചത്. സീസണില്‍ ചെല്‍സിയുടെ മൂന്നാം തോല്‍വിയാണിത്. 12 കളിയില്‍ 21 പോയിന്റുമായി ലീഗില്‍ അഞ്ചാം സ്ഥാനത്താണിപ്പോള്‍ ചെല്‍സി.

അതേസമയം, മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഒന്‍പതാം ജയം നേടി. സിറ്റി ഏകപക്ഷീയമായ ഒരു ഗോളിന് ലെസ്റ്റര്‍ സിറ്റിയെ തോല്‍പിച്ചു. 49-ാം മിനിറ്റില്‍ കെവിന്‍ ഡിബ്രൂയിനാണ് നിര്‍ണായക ഗോള്‍ നേടിയത്. പരിക്കേറ്റ എര്‍ലിഗ് ഹാലന്‍ഡ് ഇല്ലാതെയാണ് സിറ്റി കളിച്ചത്. 12 കളിയില്‍ 29 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണിപ്പോള്‍ സിറ്റി. മറ്റൊരു ആവേശപ്പോരാട്ടത്തില്‍ ടോട്ടനം രണ്ടിനെതിരെ മൂന്ന് ഗോളിന് ബോണ്‍മൗത്തിനെ തോല്‍പിച്ചു.

ഇഞ്ചുറി ടൈമില്‍ റോഡ്രിഗോ ബെന്റാന്‍കൂര്‍ നേടിയ ഗോളാണ് ടോട്ടനത്തിന് ജയമൊരുക്കിയത്. 92ാം മിനിറ്റിലായിരുന്നു റോഡ്രിഗോയുടെ നിര്‍ണായക ഗോള്‍. റയാന്‍ സെസഗ്‌നോണും ബെന്‍ ഡേവീസുമാണ് ടോട്ടനത്തിന്റെ മറ്റ് ഗോളുകള്‍ നേടിയത്. കെയ്ഫര്‍ മൂറാണ് ബോണ്‍മൗത്തിന്റെ രണ്ടുഗോളും സ്‌കോര്‍ ചെയ്തത്.

Top