ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ലിവര്‍പൂളിന് പരാജയം

ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെ തോല്‍പ്പിച്ച് പിഎസ്ജി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ലിവര്‍പൂളിനു പരാജയമാണ് നേരിടേണ്ടി വന്നത്. ഇന്ന് പുലര്‍ചെ നടന്ന മത്സരത്തിലാണ് ലിവര്‍പൂളിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആയിരുന്നു ലിവര്‍പൂള്‍ പരാജയം ഏറ്റുവാങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ റെഡ്സ്റ്റാര്‍ ബെല്‍ഗ്രിഡിനോടും ലിവര്‍പൂള്‍ പരാജയപ്പെട്ടിരുന്നു.

ലിവര്‍പൂളിനെതിരെ ശക്തമായ ടീമിനെ തന്നെ അണിനിരത്തിയ പിഎസ്ജി 13ആം മിനിറ്റില്‍ തന്നെ ലീഡ് എടുത്തു. പ്രതിരോധ നിര താരം ഹുവാന്‍ ബെര്‍നെറ്റ് ആണ് ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ 37ആം മിനിറ്റില്‍ നെയ്മറും ഗോള്‍ നേടി പിഎസ്ജിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

ഗ്രൂപ്പില്‍ അഞ്ചു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 9 പോയിന്റുമായി നപോളി ആണ് ഒന്നാം സ്ഥാനത്തുളളത്. 8 പോയിന്റുമായി പിഎസ്ജി രണ്ടാമത് നില്‍ക്കുമ്പോള്‍ 6 പോയിന്റ് മാത്രമുള്ള ലിവര്‍പൂള്‍ മൂന്നാമതാണ്.

Top