ഫേസ്‌ബുക്ക്‌ മെസ്സഞ്ചറിലെ ഇന്‍സ്റ്റന്റ്‌ ഗെയിംസില്‍ ലൈവ്‌ സ്‌ട്രീമിങ്ങിനും വീഡിയോ ചാറ്റിനും അവസരം

facebook

മെസഞ്ചര്‍ ചാറ്റ് ആപ്പില്‍ സുഹൃത്തുക്കളുമായി ഗെയിമിങ്ങില്‍ ഏര്‍പ്പെടുന്നതിനുള്ള പുതിയ പ്ലാറ്റ്‌ഫോമായ ‘ ഇന്‍സ്റ്റന്റ് ഗെയിം’ ഫേസ്ബുക്ക് അവതരിപ്പിച്ചത് കഴിഞ്ഞ വര്‍ഷമാണ്.

ഇനി മുതല്‍ ഇന്‍സ്റ്റന്റ് ഗെയിമില്‍ ഫേസ്ബുക്ക് ലൈവ് വഴി ലൈവ് സ്ട്രീമിങ് , വീഡിയോ ചാറ്റ് എന്നിവ സപ്പോര്‍ട്ട് ചെയ്ത് തുടങ്ങുമെന്ന് ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കി.

‘ആദ്യം അവതരിപ്പിക്കുന്നത് ലൈവ് സ്ട്രീമിങ് ആണ്. ഇതിലൂടെ ഗെയിമിങില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അവരുടെ ഗെയിമിന്റെ പുരോഗതികള്‍ സുഹൃത്തുക്കളുമായി പങ്കിടാം. കൂടാതെ ചെറു സംഭാഷണങ്ങളില്‍ ഏര്‍പ്പെടാനും കഴിയും. മെസ്സഞ്ചറിലെ ഗെയിമുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഗെയിമിലേര്‍പ്പെടുന്നതും അവരുടെ അനുഭവങ്ങള്‍ പങ്കിടുന്നതും ഇനി ഫേസ്ബുക്ക് ലൈവ് വഴിയുള്ള പുതിയ ലൈവ് സ്ട്രീമിങും എളുപ്പമാക്കി തീര്‍ക്കും’ എന്ന് ഫേയ്‌സ്ബുക്കിന്റെ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു.

പുതിയ ഫീച്ചറിലൂടെ ഉപോക്താക്കള്‍ക്ക് ലൈവ് സ്ട്രീമുകള്‍ റെക്കോഡ് ചെയ്യുകയും പിന്നീട് പ്രൊഫൈലില്‍ പോസ്റ്റ് ചെയ്യുകയും ചെയ്യാം.

അതേസമയം ഇന്‍സ്റ്റന്റ് ഗെയിമില്‍ കൂടുതല്‍ ഗെയിമുകളും ഫേസ്ബുക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. മെസ്സഞ്ചറിന് വേണ്ടി നിര്‍മ്മിച്ച പുതിയ ഗെയിം ആയ ആന്‍ഗ്രി ബേര്‍ഡ്‌സ് 2018 തുടക്കത്തില്‍ ആഗോള തലത്തില്‍ പുറത്തിറക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചു.

മാരത്തോണ്‍ മോഡ് , മെസ്സഞ്ചര്‍ ഗ്രൂപ്പ് ചാറ്റില്‍ സുഹൃത്തുക്കളുമായി കളിക്കാനുള്ള അവസരം തുടങ്ങി വിവിധ സവിശേഷതകളോടെ അടുത്തിടെ പുറത്തിറക്കിയ ടിസീരീസിന് ഒപ്പം ഈ പ്രശസ്തമായ ഗെയിമും ലഭ്യമായി തുടങ്ങും.

Top