ചൈനയില്‍ തടവിലായിരുന്ന നൊബേല്‍ സമ്മാന ജേതാവ് ലിയു സിയാബോ അന്തരിച്ചു

മാധാനത്തിന് നൊബേല്‍ സമ്മാനം നേടിയ ലിയു സിയാബോ 61 അന്തരിച്ചു. അര്‍ബുദ ബാധയെത്തുടര്‍ന്നാണ് അന്ത്യം.

ചൈനീസ് സര്‍ക്കാറിന്റെ ജനാധിപത്യ ധ്വംസനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ സിയാബോ രാഷ്ട്രീയ തടവുകാരനായിരിക്കെയാണ് മരിച്ചത്.

മനുഷ്യാവകാശ സംരക്ഷണത്തിനായി വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിന്റെ പ്രതീകമായാണ് ലിയുവിനെ നൊബേല്‍ പുരസ്‌കാര സമിതി വിശേഷിപ്പിച്ചത്. 2010ലാണ് നൊബേല്‍ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തുന്നത്.

ചൈനീസ് സര്‍ക്കാരിന്റെ ജനാധിപത്യ ധ്വംസനങ്ങള്‍ക്കെതിരെ 1989-ല്‍ നടന്ന ടിയാനെന്‍മെന്‍ പ്രക്ഷോഭത്തിന്റെ നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം ജയില്‍വാസം.

ചാര്‍ട്ടര്‍ 08 എന്ന മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ പേരില്‍ ചൈനീസ് ഭരണകൂടം അദ്ദേഹത്തെ ജയിലിലടച്ചു. 2009 ഡിസംബറില്‍ വിചാരണകോടതി വിധിച്ചത് 11 വര്‍ഷത്തെ തടവുശിക്ഷ.

രാഷ്ട്രീയ തടവുകാരനായിരിക്കെ കരളിന് പിടിപ്പെട്ട കാന്‍സര്‍ രോഗം മൂര്‍ച്ഛിച്ചു. ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകളെ തുടര്‍ന്ന് ജയിലില്‍ നിന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബെയ്ജിങ്ങിലെ നോര്‍മല്‍ സര്‍വകലാശാലയില്‍ സാഹിത്യ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Top