തമീമിന്റെ വിരമിക്കൽ സംബന്ധിച്ച ചോദ്യങ്ങളോടു രോഷാകുലനായി പ്രതികരിച്ച് ലിറ്റൺ ദാസ്

ധാക്ക : ബംഗ്ലദേശ് ഏകദിന ക്യാപ്റ്റൻ തമീം ഇഖ്ബാലിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിക്കലിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ബംഗ്ലദേശ് പരാജയപ്പെട്ടതിന്റെ പിറ്റേന്നാണ് ക്യാപ്റ്റന്റെ രാജി. ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന് മൂന്നു മാസം മാത്രം ബാക്കിനിൽക്കെയാണ് മുപ്പത്തിനാലുകാരനായ തമീമിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. വാർത്താസമ്മേളനത്തിൽ വളരെയധികം വികാരധീനനായാണ് തമീമിം സംസാരിച്ചത്. നിരവധി തവണ കണ്ണീരണിയുകയും ചെയ്തു.

തമീം ഇഖ്ബാലിന്റെ അപ്രതീക്ഷിത വിരമിക്കലിന് ശേഷം, അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളുടെ ക്യാപ്റ്റനായി നിലവിലെ ടെസ്റ്റ് ക്യാപ്റ്റൻ ലിറ്റൺ ദാസിനെ ബംഗ്ലദേശ് നിയമിച്ചിരുന്നു. രണ്ടാം ഏകദിനത്തിനു മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ, തമീമിന്റെ വിരമിക്കൽ സംബന്ധിച്ച ചോദ്യങ്ങളോടു രോഷാകുലനായാണ് ലിറ്റൺ ദാസ് പ്രതികരിച്ചത്. മുൻ നായകനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിക്കുന്നത് തുടരുകയാണെങ്കിൽ മുറിയിൽനിന്ന് ഇറങ്ങിപ്പോകുമെന്ന് ലിറ്റൺ ദാസ് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

‘‘ഭായ്, നാളത്തെ കാര്യം (രണ്ടാം ഏകദിനം) സംസാരിക്കാനാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്. ഇവിടെ തമീമിനെക്കുറിച്ച് നിങ്ങൾ ചോദ്യങ്ങൾ ചോദിച്ചാൽ, മറുപടി നൽകാൻ എന്നെക്കാൾ അനുയോജ്യർ ബോർഡ് പ്രസിഡന്റോ പരിശീലകനോ ആണ്. ഞാൻ ഇവിടെനിന്നു പോകുന്നതായിരിക്കും നല്ലത്.’’– ലിറ്റൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘‘അദ്ദേഹത്തിന്റെ വിരമിക്കൽ ഉച്ചയ്ക്ക് ഒരു മണിക്കാണ് ഞാൻ അറിഞ്ഞത്. തീർച്ചയായും ഞാൻ അദ്ദേഹത്തോടൊപ്പം ഒരുപാട് കളിച്ചിട്ടുണ്ട്. അദ്ദേഹം അങ്ങനെ ഒരു തീരുമാനം എടുക്കുമെന്ന് ആരും കരുതിയില്ല. പക്ഷേ മൂത്ത സഹോദരൻ എടുത്ത തീരുമാനം ടീമിലെ അംഗങ്ങൾ മാനിക്കുന്നു. ഒരു കളിക്കാരനും ആരും പകരമാവില്ല. തമീം ഇഖ്ബാലിനും ഇതു ബാധകമാണ്.’’– ലിറ്റൺ ദാസ് പറഞ്ഞു.

‘‘ഇന്ന് ഞാനിവിടെ ഉള്ളതിനാൽ ഞങ്ങൾക്ക് അദ്ദേഹത്തെ മിസ് ചെയ്യുമോ എന്ന് പറയാൻ പ്രയാസമാണ്. നാളെ പരുക്കുമൂലം ഞാൻ ഇവിടെ ഉണ്ടാകില്ലായിരിക്കാം, ആരും എന്നെ മിസ് ചെയ്യില്ല. കാരണം പുതുമുഖങ്ങൾ ടീമിലേക്ക് വരും, ഇതാണ് സ്വാഭാവിക പ്രക്രിയ. അദ്ദേഹമില്ലാത്തതിനാൽ ഈ വിഷയത്തെക്കുറിച്ച് ഇനി എന്നോട് സംസാരിക്കേണ്ട ആവശ്യമില്ലെന്ന് ഞാൻ കരുതുന്നു. കഴിഞ്ഞ കാര്യത്തെക്കുറിച്ച് പറയുന്നതിൽ അർത്ഥമുണ്ടെന്ന് ഞാൻ കരുതുന്നില്ല. പകരം ഭാവിയിൽ നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും രാജ്യത്തിന് നല്ലത് കൊണ്ടുവരികയും അത് ചെയ്യാൻ ശ്രമിക്കുകയും വേണം.’’– ലിറ്റൺ ദാസ് വ്യക്തമാക്കി.

Top