സാക്ഷര കേരളം പുതിയ ദൗത്യവും ഏറ്റെടുക്കുന്നു, പദ്ധതി ഉടന്‍ തുടങ്ങും

സാക്ഷരതയില്‍ രാജ്യത്ത് വീണ്ടും ഒന്നാമതെത്തിയിരിക്കുകയാണ് നമ്മുടെ ഈ കൊച്ചു കേരളം. ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണിത്. ഈ സാഹചര്യത്തില്‍ മറ്റൊരു വിപ്ലവകരമായ മുന്നേറ്റത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്. സ്‌കൂളില്‍ പ്രവേശനം നേടാത്ത ആറിനും 14നും ഇടയില്‍ പ്രായമുള്ള കുട്ടികളെയും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരെയും കണ്ടെത്തി പൊതുവിദ്യാലയങ്ങളിലെത്തിക്കുക എന്നതാണ് പുതിയ ദൗത്യം. ഇതിനായി ‘സമഗ്രശിക്ഷ’ കേരളമാണ് അണിയറയില്‍ ഒരുങ്ങുന്നത്. പ്രായത്തിനും പഠനനിലവാരത്തിനുമനുസരിച്ച് സമീപത്തെ പൊതുവിദ്യാലയത്തിലായിരിക്കും ഇവര്‍ക്കെല്ലാം പ്രവേശനം നല്‍കുക. പ്രത്യേക സെന്ററുകളില്‍ പ്രത്യേക പരിശീലനവും ഉടന്‍ ലഭ്യമാകും. ഈ പദ്ധതിക്കായി 189.94 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. അതിഥിത്തൊഴിലാളികളുടെ മക്കള്‍ക്കും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുമെല്ലാം ഈ പദ്ധതി ഏറെ ഗുണം ചെയ്യും. വിവിധ ഏജന്‍സികളുടെയും സന്നദ്ധ സംഘടനകളുടെയും തദ്ദേശവകുപ്പ് പ്രതിനിധികളുടെയും സഹായത്തോടെയാണ് കുട്ടികളെ കണ്ടെത്തുക.

സ്‌കൂള്‍ തുറക്കുന്നതോടെ കുട്ടികളെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികമായി തന്നെ തുടക്കമാകും. കണ്ടെത്തുന്ന കുട്ടികളുടെ എണ്ണമനുസരിച്ചാണ് ഓരോ ജില്ലയിലും പരിശീലനത്തിനുള്ള പ്രത്യേക സെന്ററുകളും ഒരുക്കുന്നത്. സെന്ററുകളിലെ പരിശീലനത്തിനായി സന്നദ്ധ പ്രവര്‍ത്തകരെയും നിയമിക്കും. കുട്ടികള്‍ കുറവുള്ള ജില്ലകളില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാകും പരിശീലനം നല്‍കുക. സ്‌കൂള്‍ അധ്യാപകരുടെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തും. അധ്യയന സമയത്തിന് പുറമെ ദിവസം ഒന്നര മണിക്കൂറെങ്കിലും ഇവരെ അദ്ധ്യാപകര്‍ക്ക് പരിശീലിപ്പിക്കേണ്ടി വരും. പരിശീലനം ആരംഭിക്കുന്നതിനു മുമ്പ് കുട്ടികളുടെ പഠനനിലവാരം കണ്ടെത്താന്‍ പ്രീ ടെസ്റ്റും നടത്തുന്നുണ്ട്. ഇതിനനുസരിച്ചാകും തുടര്‍ പരിശീലനങ്ങളും നടക്കുക.

സംസ്ഥാനത്താകെ 3164 കുട്ടികള്‍ക്ക് 136 സെന്ററിലായി പരിശീലനം നല്‍കാനുള്ള ഫണ്ടാണ് തുടക്കത്തില്‍ അനുവദിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികളെ പ്രതീക്ഷിക്കുന്നത് ഇടുക്കി ജില്ലയിലാണ്. 1020 കുട്ടികളെയാണ് ഈ മലയോര ജില്ലയില്‍ പ്രതീക്ഷിക്കുന്നത്. എറണാകുളത്ത് 949, വയനാട് 902, മലപ്പുറം 139, എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍. ഈ ജില്ലകളില്‍ യഥാക്രമം 15 മുതല്‍ 60 സെന്ററുകള്‍ വരെ അനുവദിച്ചിട്ടുണ്ട്. ഇടുക്കിയില്‍ (25), എറണാകുളത്ത് (30), വയനാട് (60), മലപ്പുറം (15) എന്നതാണ് ജില്ലതിരിച്ചുള്ള കണക്ക്. പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, ജില്ലകളില്‍ ഓരോ സെന്ററുകളും പാലക്കാട് രണ്ട് സെന്ററുകളുമുണ്ടാകും. കുട്ടികള്‍ കുറവുള്ള തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് എന്നീ ജില്ലകളില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാകും പ്രത്യേക പരിശീലനം നല്‍കുക. ഈ പദ്ധതിയെ വിദ്യാഭ്യാസ രംഗത്തെ വിദഗ്ദരും അഭിമാനത്തോടെയാണ് നോക്കി കാണുന്നത്.

സ്‌കൂളില്‍ പഠനം നേടാന്‍ കഴിയാത്തവരില്‍ നല്ലൊരു വിഭാഗത്തിനും ജീവിത സാഹചര്യങ്ങളാണ് വില്ലനായി മാറിയിട്ടുള്ളത്. പല പഠനങ്ങളിലും ഇക്കാര്യങ്ങള്‍ വ്യക്തവുമാണ്. ഇതിന് ഒരു മാറ്റം വരണമെന്നതാണ് സര്‍ക്കാറും ആഗ്രഹിക്കുന്നത്. അതിഥി തൊഴിലാളികളുടെ കുട്ടികള്‍ക്കും പ്രത്യേക പരിഗണന നല്‍കാന്‍ തന്നെയാണ് തീരുമാനം. മറ്റു സംസ്ഥാനങ്ങളില്‍ ഇവര്‍ക്ക് സ്വപ്നം പോലും കാണാന്‍ കഴിയാത്ത കരുതലാണിത്. ഈ പദ്ധതി വിജയമായാല്‍ വലിയ മാറ്റത്തിനാകും അത് തുടക്കം കുറിക്കുക. അതേസമയം സാക്ഷരതയില്‍ കേരളം വീണ്ടും ഒന്നാമതെത്തിയത് സംസ്ഥാന സര്‍ക്കാറിനെ സംബന്ധിച്ചും അഭിമാനാര്‍ഹമായ കാര്യമാണ്. കേരളത്തിന്റെ യശസ്സാണ് ഒരിക്കല്‍ കൂടി ദേശീയ തലത്തില്‍ ഉയര്‍ന്നിരിക്കുന്നത്. ഏഴ് വയസ്സിനു മുകളിലുള്ളവരിലെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിരക്കാണ് കേരളത്തിലുള്ളത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ റിപ്പോര്‍ട്ടുപ്രകാരം 96.2 ശതമാനമാണ് സംസ്ഥാന സാക്ഷരതാ നിരക്ക്.

ഗ്രാമങ്ങളില്‍ സ്ത്രീ സാക്ഷരതാ നിരക്ക് 80 ശതമാനത്തിനു മുകളിലുള്ള ഏകസംസ്ഥാനവും കേരളമാണ്. ഇന്ത്യയിലാകെ സാക്ഷരതാനിരക്ക് 77.7 ശതമാനമാണ്. രാജ്യത്തെ 84.7 ശതമാനം പുരുഷന്മാര്‍ക്കും 70.3 ശതമാനം സ്ത്രീകള്‍ക്കും ഏതെങ്കിലും ഒരു ഭാഷ എഴുതാനും വായിക്കാനും അറിയാവുന്നവരാണ്. സാക്ഷരതയിലെ സ്ത്രീ–പുരുഷ അന്തരമാകട്ടെ 14.4 ശതമാനവുമാണ്. ഇത് ഏറ്റവും കുറവുള്ളത് കേരളത്തിലാണ്. 2.2ശതമാനം മാത്രമാണ് ഇവിടെയുള്ള അന്തരം. കേരളത്തില്‍ 97.4 ശതമാനം പുരുഷന്മാരും 95.2 ശതമാനം സ്ത്രീകളും സാക്ഷരരാണ്. രാജ്യത്ത് ഈ അന്തരം ഏറ്റവും കൂടുതലുള്ളത് രാജസ്ഥാനിലാണ്. 23.2 ശതമാനം വരുമത്. സാക്ഷരതാ നിരക്കില്‍ കേരളത്തിന് പിന്നിലുള്ളത് ഡല്‍ഹിയും ഉത്തരാഖണ്ഡുമാണ്. ഡല്‍ഹിക്ക് 88.7 ശതമാനവും ഉത്തരാഖണ്ഡിന് 87.6 ശതമാനവുമാണുള്ളത്. ആന്ധ്രപ്രദേശാണ് സാക്ഷരതയില്‍ ഏറ്റവും പിന്നിലുള്ള സംസ്ഥാനം. വെറും 66.4 ശതമാനം മാത്രമാണ് ഈ തെലുങ്ക് മണ്ണിലുള്ളത്. അവസാന അഞ്ച് സംസ്ഥാനങ്ങളില്‍ 73 ശതമാനമുള്ള ഉത്തര്‍പ്രദേശും, 72.8 ശതമാനമുള്ള തെലങ്കാനയും, 70.9 വരുന്ന ബിഹാറും, 69.7 ശതമാനമുള്ള രാജസ്ഥാനും ഉള്‍പ്പെടും.

ദേശീയ സാമ്പിള്‍ സര്‍വേയുടെ 2017 ജൂലൈ മുതല്‍ 2018 ജൂണ്‍ വരെയുള്ള വിവരങ്ങള്‍ ക്രോഡീകരിച്ചാണ്, ‘ഗാര്‍ഹിക സാമൂഹിക ഉപഭോഗം ഇന്ത്യയിലെ വിദ്യാഭ്യാസം’ എന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 1987-ലെ ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്താണ് സാക്ഷരതാ പ്രവര്‍ത്തനം കേരളത്തില്‍ തഴച്ചു വളര്‍ന്നത്. സി.പി.എം നേതാവായ ഇ.കെ നായനാരായിരുന്നു അന്നത്തെ മുഖ്യമന്ത്രി. സാക്ഷരതയെന്നാല്‍ അക്ഷരം പഠിക്കല്‍ മാത്രമല്ല ജീവിതത്തെ അറിയലാണെന്നു പറഞ്ഞത് വിദ്യാഭ്യാസ ചിന്തകന്‍ പൌലോ ഫ്രെയറാണ്. പ്രാഥമിക അക്ഷരാഭ്യാസത്തിലൂടെ മലയാളികള്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട ജീവിതമാണ് തിരിച്ചുപിടിച്ചത്. കാലവും ലോകവും മാറുമ്പോള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രതികരിക്കാന്‍ ജനത ശക്തരാകണം എന്നാണ് കേരളം അന്നും ഇന്നും ആഗ്രഹിക്കുന്നത്.

Top