വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ബിറ്റ്‌കോയിനു പിന്നില്‍ ലൈറ്റ്‌കോയിന്‍

ലണ്ടന്‍: ബിറ്റ്‌കോയിന്റെ മൂല്യം പത്ത് ലക്ഷം രൂപയിലേറെയായത് നിക്ഷേപകര്‍ക്ക് അവിശ്വസനീയമാണ്. ഇതിന്റെ ഫലമായി മറ്റ് ഡിജിറ്റല്‍ കറന്‍സികളിലേയ്ക്കും ക്രിപ്‌റ്റോകറന്‍സി വ്യാപാരം വ്യാപിക്കുകയാണ്.

വിപണിയിലെ മത്സര ഫലമായി ലൈറ്റ്‌കോയിനും വിപണിയില്‍ മത്സരിക്കുകയാണ്. ലൈറ്റ്‌കോയിന്‍ നിക്ഷേപകന് ഒരു വര്‍ഷം ഉണ്ടായ നേട്ടം 5,700 ശതമാനമാണ്.

ഇതേസമയം ബിറ്റ്‌കോയിന്‍ 1,550 ശതമാനമാണ് നല്‍കിയത്. 0.88 ലക്ഷം കോടി രൂപയാണ് ലൈറ്റ്‌കോയിന്റെ നിലവിലെ വിപണിമൂല്യം.

മറ്റ് ക്രിപ്‌റ്റോകറന്‍സികളായ അയോട്ടയും റിപ്പിളും വിപണിമൂല്യത്തിന്റെകാര്യത്തില്‍ ലൈറ്റ്‌കോയിന് തൊട്ടുപിന്നാലെയുണ്ട്.

ബിറ്റ്‌കോയിനും ഈതേറിയവും വികസിപ്പിച്ചതിനുശേഷമാണ് മൂന്നാംതലമുറ ബ്ലോക്ക്‌ചെയിനായി അയോട്ട രംഗത്തെത്തിയത്.

coingecko.comല്‍നിന്ന് ലഭിക്കുന്ന വിവരപ്രകാരം ചൊവാഴ്ച രാവിലെ 10.55ന് 16,313 രൂപയാണ് ലൈറ്റ്‌കോയിന്റെ മൂല്യം. രാജ്യാന്തര വിപണിയില്‍ 253 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്.

ലൈറ്റ്‌കോയിനെ കുറിച്ച് കൂടുതലറിയാന്‍ അഞ്ച് കാര്യങ്ങള്‍

1. ഗൂഗിളിലെ ജീവനക്കാരനും കോയിന്‍ബേസിന്റെ മൂന്‍ ഡയറക്ടറുമായ ചാര്‍ളി ലീയാണ് ക്രിപ്‌റ്റോകറന്‍സിയായ ലൈറ്റ്‌കോയിന്റെ സൃഷ്ടാവ്.

2. ലൈറ്റ്‌കോയിന്‍ നെറ്റ് വര്‍ക്ക് 84 മില്യണ്‍ കറന്‍സിയൂണിറ്റില്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്.

3. സാങ്കേതികപരമായി ബിറ്റ്‌കോയിന് സമാനമാണ് ലൈറ്റ്‌കോയിന്‍. ബിറ്റ്‌കോയിനെപ്പോലത്തന്നെയാണ് ലൈറ്റ്‌കോയിനും മൈന്‍ചെയ്‌തെടുക്കുന്നത്.

4.ഡോയിച്ച് ബാങ്ക് വെല്‍ത്ത് മാനേജ്മെന്റിന്റെ അഭിപ്രായത്തില്‍ ലൈറ്റ്‌കോയിന്‍ എളുപ്പത്തില്‍ പ്രൊസസ് ചെയ്‌തെടുക്കാം. അതായത് ബിറ്റ്‌കോയിനേക്കാള്‍ നാലിരട്ടി വേഗത്തില്‍ സൃഷ്ടിക്കാം. ഒരു ബ്ലോക്ക് ലൈറ്റ്‌കോയിന്‍ രൂപപ്പെടുത്താന്‍ 2.5 മിനുട്ട് മതിയാകും. ഇത് ഇടപാട് ചെലവ് കുറയ്ക്കുകയും അതിവേഗതയില്‍ ഇടപാട് ഉറപ്പിക്കുകയുംചെയ്യും.

5. സങ്കീര്‍ണമല്ലാത്ത അല്‍ഗോരിതം(കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്) അടിസ്ഥാനമാക്കിയാണ് ലൈറ്റ്‌കോയിന്‍ രൂപപ്പെടുത്തുന്നത്. ഒരുബ്ലോക്ക് കോയിന്‍ രൂപപ്പെടുത്താന്‍ കുറഞ്ഞ കപ്യൂട്ടിങ് ശേഷി മതി.

Top