ഓൾ ഇന്ത്യ റേഡിയോയും ലേറ്റസ്റ്റാകുന്നു . . ലോക രാജ്യങ്ങളിലേക്ക് ഇന്ത്യയുടെ അഭിമാനം

ന്യൂഡല്‍ഹി: ഇന്ത്യക്ക് അഭിമാനമായി ഓള്‍ ഇന്ത്യ റേഡിയോയുടെ സേവനം ലോകരാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നു.

ജപ്പാന്‍, ജര്‍മ്മനി തുടങ്ങി കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റുകളില്‍ വരെ ഓള്‍ ഇന്ത്യ റേഡിയോയുടെ സേവനങ്ങള്‍ ലഭ്യമാക്കാനാണ് പുതിയ പദ്ധതി.

സര്‍ക്കാരിന്റെ നയതന്ത്ര പരിപാടികള്‍ പുറം രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

കാനഡ, ദക്ഷിണാഫ്രിക്ക, മാലിദ്വീപ് എന്നിവിടങ്ങളിലും ഓള്‍ ഇന്ത്യ റേഡിയോ എത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഓള്‍ ഇന്ത്യ റേഡിയോ എക്‌സ്റ്റേണല്‍ സര്‍വീസ് ഡിവിഷന്‍ (ഇഎസ്ഡി) ഡയറക്ടര്‍ അംലാന്‍ജ്യോതി മജുംദാര്‍ പറഞ്ഞു.

നിലവില്‍, 150 രാജ്യങ്ങളില്‍ 27 ഭാഷകളിലായി ഇഎസ്ഡി എത്തുന്നുണ്ട്. ഇതില്‍ 14 എണ്ണം തെക്കുകിഴക്കേ ഏഷ്യയിലെ രാജ്യങ്ങളെയും ,അയല്‍ രാജ്യങ്ങളെയും ലക്ഷ്യമിടുന്നതാണ്.

ഈ സേവനം ഇപ്പോള്‍ ആഗോളതലത്തില്‍ വിപുലപ്പെടുത്താനാണ് എക്‌സ്റ്റേണല്‍ സര്‍വീസ് ഡിവിഷന്‍ ലക്ഷ്യമിടുന്നത്.

ആഗോള പ്രേക്ഷകരുമായി ഇടപഴകുന്നതിനും നയതന്ത്ര ബന്ധത്തിന് കുടുതല്‍ ശക്തമാകുന്നതിനും ഗവണ്‍മെന്റിന് ഈ സേവനങ്ങള്‍ സഹായകമാകും.

ജപ്പാന്‍ വിദേശകാര്യമന്ത്രി ഷിന്‍സോ ആബെ കഴിഞ്ഞ ദിവസം നടത്തിയ ഇന്ത്യ സന്ദര്‍ശനത്തില്‍ രാജ്യങ്ങള്‍ റേഡിയോ സേവനങ്ങള്‍ വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പാക്കിസ്ഥാന്‍ അവരുടെ റേഡിയോ സേവനം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വിപുലീകരിച്ചിട്ടുണ്ട്, എന്നാല്‍ ഇന്ത്യക്ക് അതിന് സാധിച്ചിട്ടില്ലന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം വൈവിധ്യമാര്‍ന്ന ആശയങ്ങളുമായി മറ്റുരാജ്യങ്ങളുമായി ബന്ധം പുലര്‍ത്താനും, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ തുറന്ന് പറയാനും വിദ്യാഭ്യാസം, ആരോഗ്യം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകള്‍ ഉയര്‍ത്തിക്കാട്ടാനുമാണ് ഇഎസ്ഡി കൊണ്ട് ലക്ഷ്യമിടുന്നത്.

വിദേശ രാജ്യങ്ങളില്‍ നിരവധി ഇന്ത്യക്കാര്‍ താമസിക്കുന്നുണ്ട് സ്വന്തം രാജ്യത്തെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവരാണ് ഇവരെല്ലാരും. ഓള്‍ ഇന്ത്യ റേഡിയോ സേവനം ഇവര്‍ക്കെല്ലാം ആശ്വാസകരമാണ്.

ഇഎസ്ഡിയിലെ പ്രോഗ്രാമില്‍ വാര്‍ത്താ ബുള്ളറ്റിനുകള്‍, വ്യാഖ്യാനങ്ങള്‍, ഇന്ത്യന്‍ പത്രങ്ങളുടെ അവലോകനം എന്നിവ ഉള്‍ക്കൊള്ളിക്കും.

ഇന്റര്‍നേറ്റീവ് ചര്‍ച്ചകള്‍, ഇന്റര്‍വ്യൂകള്‍, ഡോക്യുമെന്ററികള്‍, ഫീച്ചറുകള്‍, ഇന്ത്യന്‍ മ്യൂസിക് എന്നിവയും ഉള്‍പ്പെടുത്തും.

വിവിധ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള സഹായം, വിദേശ ഭാഷാ ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യല്‍, വിദേശത്തുള്ള ഇന്ത്യന്‍ ദൗത്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ എന്നിവയും പുതിയ സംപ്രേക്ഷണത്തിന്റെ പ്രധാന ലക്ഷ്യങ്ങളാണ്

റിപ്പോർട്ട് :രേഷ്മ പി.എം

Top