പഞ്ചാബില്‍ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു, തര്‍ക്കം തുടരുന്നു

അമൃത്സര്‍: പഞ്ചാബില്‍ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. 23 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. തര്‍ക്കമുള്ള എട്ട് സീറ്റ് ഒഴിവാക്കിയാണ് രണ്ടാം ഘട്ട പട്ടികയും പ്രഖ്യാപിച്ചിട്ടുള്ളത്. ഈ സീറ്റുകളില്‍ സമവായത്തില്‍ എത്താന്‍ സംസ്ഥാന നേതൃത്വത്തിനായിട്ടില്ല.

നേരത്തെ, നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം കാരണമാണ് പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വൈകിയത്. ഇപ്പോഴും ഈ പ്രശ്‌നം പൂര്‍ണമായി അടങ്ങിയിട്ടില്ല.

31 സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ കെ സി വേണുഗോപാല്‍ അടങ്ങുന്ന പ്രത്യേക സമിതിയെ ഹൈക്കമാന്‍ഡ് നിയോഗിച്ചിരുന്നു. ഇതിന് ശേഷവും ഇനി എട്ട് സീറ്റുകളിലെ തര്‍ക്കങ്ങള്‍ തുടരുകയാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ വിഷയത്തിലും ഛന്നി രണ്ടാം സീറ്റില്‍ മത്സരിക്കുന്ന കാര്യത്തിലും ഭിന്നതയുണ്ട്.

എന്നാല്‍, ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാല്‍ ഭൂരിപക്ഷം വരുന്ന മറ്റു സിഖ് സമുദായങ്ങള്‍ പിണങ്ങുമോ എന്ന ഭയമാണ് കോണ്‍ഗ്രസിനുള്ളത്. ഇതിനാല്‍ കൂട്ടായ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് എന്ന നിലപാടാണ് ഹൈക്കമാന്‍ഡിനുള്ളത്.

Top