കൊലക്കേസ് പ്രതിയുടെ വീട്ടില്‍ നിന്ന് ചാരായം പിടികൂടി

ഹരിപ്പാട്: കൊലക്കേസ് പ്രതിയുടെ വീട്ടില്‍ നിന്ന് ചാരായം പിടികൂടി. ചേപ്പാട് ഏവൂര്‍ നോര്‍ത്ത് പുത്തന്‍വീട്ടില്‍ വൈശാഖ് (26 ) വീട്ടില്‍ നിന്നാണ് 24 ലിറ്റര്‍ ചാരായവും 15 ലിറ്റര്‍ കോടയും, വാറ്റുപകരണങ്ങളും പിടികൂടിയത്.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘവും കരീലകുളങ്ങര പൊലീസും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ നടന്ന റെയ്ഡില്‍ 35 ലിറ്ററിന്റെ കന്നാസില്‍ സൂക്ഷിച്ചിരുന്ന 24 ലിറ്റര്‍ ചാരായവും, മൂന്ന് പ്ലാസ്റ്റിക് ചാക്കുകളിലായി 90 കിലോ ശര്‍ക്കരയും വീടിന്റെ അടുക്കളയില്‍ നിന്ന് കണ്ടെടുത്തു.

വീടിനു പുറകു വശത്തു നിന്നും എട്ട് കന്നാസുകളിലായി 200 ലിറ്റര്‍ കോടയും രണ്ട് ഗ്യാസ് സിലിണ്ടറുകളും ലഭിച്ചു. പരിശോധന നടക്കുന്ന സമയത്ത് വീട്ടില്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഏവൂര്‍ സുനിയുടെ കൊലപാതക കേസിലെ ഒന്നാം പ്രതിയാണ് വൈശാഖ്. ഇയാളുടെ പേരില്‍ മറ്റു കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

 

Top