വില വര്‍ധന; കര്‍ണാടകയില്‍ മദ്യവില്‍പ്പന 60 ശതമാനത്തോളം കുറഞ്ഞു

ബെംഗളൂരു: സംസ്ഥാന സര്‍ക്കാര്‍ മദ്യത്തിന്റെ വില വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ മദ്യവില്‍പ്പന 60 ശതമാനത്തോളം കുറഞ്ഞു. അതേസമയം, ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന വില്‍പ്പനശാലകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചതിന്റെ ആദ്യ മൂന്നു ദിവസങ്ങളില്‍ സംസ്ഥാനത്ത് റെക്കോര്‍ഡ് വില്‍പ്പനയായിരുന്നു രേഖപ്പെടുത്തിയത്. എന്നാല്‍ വിലവര്‍ധനവാണ് വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്താന്‍ കാരണം.

മെയ് ആറിന് 232 കോടി രൂപയുടെ വില്‍പ്പനയാണ് രേഖപ്പെടുത്തിയതെങ്കില്‍ മെയ് 20-ന് 61 കോടിയുടെ രൂപയായാണ് വില്‍പ്പനയില്‍ കുറവ് വന്നത്. മെയ് ആറിന് 21 ശതമാനം മുതല് 31 ശതമാനം വരെ മദ്യത്തിന് അധിക നികുതി ഏര്‍പ്പെടുത്തിയതോടെ കുപ്പിയ്ക്ക് 50 രൂപ മുതല്‍ 1,000 രൂപ വരെയാണ് വിവിധയിനം മദ്യത്തിന്റെ വിലയില്‍ വര്‍ധനവുണ്ടായത്.

അധിക വരുമാനം പ്രതീക്ഷിച്ചാണ് സര്‍ക്കാര്‍ മദ്യത്തിന്റെ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചതെങ്കിലും വില്‍പ്പനയിലുണ്ടായ കുറവ് വരുമാനത്തില്‍ തിരിച്ചടിയായതായി ചില മദ്യവില്‍പ്പനശാലകളുടെ ഉടമസ്ഥര്‍ അഭിപ്രായപ്പെട്ടു. അതേസമയം, വില്‍പ്പനയിലുണ്ടായ ഈ കുറവ് നികുതി വരുമാനത്തെ ഗുരുതരമായി ബാധിച്ചത് സര്‍ക്കാരിനെ ആശങ്കയിലാക്കിയിട്ടുണ്ട്.

മദ്യവില്‍പ്പനയില്‍ ‌നിന്ന് 1,900 കോടി രൂപയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന മാസവരുമാനം. എന്നാല്‍ മെയ് മാസത്തില്‍ ഇതുവരെ 400 കോടി രൂപ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അധിക നികുതി മാത്രമല്ല മദ്യവില്‍പ്പനയില്‍ കുറവ് വരുത്തിയതെന്ന് എക്‌സൈസ് ജോയിന്റ് ഡയറക്ടര്‍ കെ എസ് ശിവയ്യ പറഞ്ഞു. സംസ്ഥാനത്താകെയുള്ള വില്‍പ്പനശാലകളില്‍ 4,880 എണ്ണം മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കുന്നതെന്നും കുടിയേറ്റ തൊഴിലാളികളുടെ വന്തോതിലുള്ള മടക്കം മദ്യവില്‍പ്പനയെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top