സംസ്ഥാനത്ത് മദ്യ വിതരണം പുനരാരംഭിച്ചു; ആപ്പിനെ ചൊല്ലി ആശയക്കുഴപ്പം തുടരുന്നു

കോഴിക്കോട്: വെര്‍ച്വല്‍ ക്യൂ സംവിധാനത്തോടെ സംസ്ഥാനത്ത് മദ്യ വിതരണം പുനരാരംഭിച്ചു.ബെവ്‌കോ- കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പന ശാലകളെല്ലാം രാവിലെ 9 മണിക്ക് തന്നെ തുറന്നു.

ക്യൂവില്‍ അഞ്ചു പേര്‍ക്ക് മാത്രമാണ് നില്‍ക്കാനുള്ള അനുമതി. കാര്യമായ തിരക്കൊന്നും എവിടേയും തുടക്കത്തില്‍ അനുഭവപ്പെട്ടില്ല. എന്നാല്‍ പലയിടത്തും ടോക്കണ്‍ പരിശോധനയ്ക്ക് വേണ്ടിയുള്ള യൂസര്‍ നെയിമും പാസ് വേര്‍ഡും ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചു. ഒടുവില്‍ മദ്യം വാങ്ങാനെത്തുന്നവരുടെ ടോക്കണിലെ സമയം പരിശോധിച്ചും ടോക്കണ്‍ നമ്പര്‍ രേഖപ്പെടുത്തിയുമാണ് മദ്യവില്‍പന ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.

ബാറുടമകള്‍ക്കും ബീവറേജ് അധികൃതര്‍ക്കുമായി തയ്യാറാക്കിയ ആപ്പും ഇതുവരെ പൂര്‍ണ്ണ സജ്ജമായില്ല. ബുക്ക് ചെയ്ത ഉപഭോക്താക്കളുടെ വിവരങ്ങള്‍ക്കും ക്യൂ ആര്‍കോഡ് സ്‌കാനിങിനും ഉള്‍പ്പെടയുള്ള ആപ്പാണ് സജ്ജമാകാത്തത്.

കടുത്ത നിയന്ത്രണവും മദ്യശാലകള്‍ക്ക് മുന്നില്‍ പോലീസ് ഒരുക്കിയിട്ടുണ്ട്. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വിപണനം. ആദ്യ ദിനം 182,000 ത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തെന്നും ഫെയര്‍കോഡ് പറയുന്നു.

അതിനിടെ ഉപഭോക്താക്കള്‍ക്കുള്ള ആപ്പിനെതിരെ നേരത്തെ തന്നെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. പലര്‍ക്കും ഒ.ടി.പി മണിക്കൂറുകള്‍ കഴിഞ്ഞാണ് വരുന്നത്. ചിലര്‍ക്ക് രജിസ്ട്രേഷന്‍ നടപടികളിലേക്ക് കടക്കാന്‍ സാധിക്കുന്നില്ല. ഹാങിങ് പ്രശ്നവുമുണ്ട്. പ്ലേസ്റ്റോറില്‍ ആപ്പ് ലഭ്യമാണെങ്കിലും തുടക്കത്തില്‍ സെര്‍ച്ചില്‍ ലഭ്യമല്ല. നിര്‍മാതാക്കള്‍ നല്‍കിയ ലിങ്ക് വഴിയാണ് ആളുകള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നത്.

Top