സംസ്ഥാനത്ത് മദ്യവില പുതുക്കി; ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍

തിരുവനനന്തപുരം: കേരളത്തില്‍ മദ്യത്തിന്റെ പുതുക്കിയ വില്‍പ്പന വില പ്രസിദ്ധീകരിച്ചു. ഏറ്റവും കുറഞ്ഞ വിലയുള്ള മദ്യത്തിനു പോലും 30 രൂപയുടെ വര്‍ധനയാണ് വന്നിരിക്കുന്നത്. വില വര്‍ധനയിലൂടെ ഈ വര്‍ഷം സര്‍ക്കാരിന് 1000 കോടിയുടെ അധിക വരുമാനമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

വിതരണക്കാര്‍ ബെവ്‌കോക്ക് നില്‍കുന്ന മദ്യത്തിന്റെ അടിസ്ഥാന വിലയില്‍ 7 ശതമാനം വര്‍ദ്ധനയാണ് അനുവദിച്ചത്. ആനുപാതികമായി നികുതിയും കൂടി. ഇതടക്കമുള്ള വിലയാണ് ബിവറേജസ് കോര്‍പ്പറേഷന്‍ പ്രസിദ്ധീകരിച്ചത്. ഏറ്റവും വില കുറഞ്ഞതും വന്‍ വില്‍പ്പനയുമുള്ള ജവാന്‍ റമ്മിന് ഫുള്‍ ബോട്ടിലിന് 420 രൂപയുണ്ടായിരുന്നത് 450 ആയി. ഇതേ മദ്യം ഒരു ലിറ്ററിന് 560 രൂപയുണ്ടായിരുന്നത് 600 രൂപയാക്കി.

വിഎസ്ഒപി ബ്രാന്‍ഡി 900 രൂപയുണ്ടായിരുന്നത് 960 ആക്കി ഉയര്‍ത്തിയപ്പോള്‍ 950 രൂപയുടെ 1 ലിറ്റര്‍ ബോട്ടിലിന് ഇനി 1020 രൂപ നല്‍കണം. ഒന്നര ലിറ്ററിന്റേയും രണ്ടേകാല്‍ ലിറ്ററിന്റേയും ബ്രാന്‍ഡി ഉടന്‍ വില്‍പ്പനക്കത്തും. ഒന്നര ലിറ്ററിന് 1270 രൂപയും രണ്ടേകാല്‍ ലിറ്ററിന് 2570 രൂപയുമാണ് വില. ബിയറും വൈനുമൊഴികെ എല്ലാ മദ്യത്തിനും വിലവര്‍ദ്ധനയുണ്ട്.

മദ്യത്തിന് 40 രൂപ വില കൂടുമ്പോള്‍ സര്‍ക്കാരിന് 35 രൂപയും ബെവ്‌കോക്ക് 1 രൂപയും കമ്പനിക്ക് 4 രൂപയുമാണ് കിട്ടുന്നത്. ഒന്നാം തീയതി അവധി ആയതിനാല്‍ പുതുക്കിയ മദ്യവില മറ്റന്നാള്‍ നിലവില്‍ വരും.

 

Top