Liquor policy; need a Referundum: V m Sudheeran

കൊച്ചി: മദ്യനയത്തില്‍ പൊതുജനാഭിപ്രായം രൂപീകരിക്കാന്‍ ഹിതപരിശോധന നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. തിരുവനന്തപുരത്ത് നടന്ന ലഹരിവിരുദ്ധ ദിനാചരണ ചടങ്ങില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

”ബ്രിട്ടണില്‍ നടന്നില്ലെ ബ്രെക്‌സിറ്റ്, അതുപോലെ മദ്യവര്‍ജനം വേണോ, മദ്യനിരോധനം വേണോയെന്ന് ഒറ്റ അജണ്ട വെച്ച് റഫറണ്ടം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. പൊതുജനങ്ങള്‍ക്ക് വോട്ടെടുപ്പിലൂടെ അഭിപ്രായം രേഖപ്പെടുത്താന്‍ അവസരം നല്‍കണം. തട്ടിക്കൂട്ടിയ സംഘടനകളെ വെച്ച് പൊതുജനാഭിപ്രായം രൂപീകരിച്ചാല്‍ അംഗീകരിക്കാനാവില്ല”, സുധീരന്‍ പറഞ്ഞു.

സര്‍ക്കാര്‍ മദ്യലോബികള്‍ക്ക് വഴങ്ങിയാണ് മദ്യനയം മാറ്റാനുളള നീക്കവുമായി മുന്നോട്ട് പോകുന്നതെന്നും വി.എം സുധീരന്‍ ആരോപിച്ചു.

അതേസമയം, ജനം തള്ളിയ നയമാണ് ഇപ്പോള്‍ സര്‍ക്കാര്‍ തിരുത്തുന്നതെന്നും ജനാഭിപ്രായം തേടിയ ശേഷമാകും മദ്യനയം പ്രഖ്യാപിക്കുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. മദ്യവര്‍ജനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലായിരിക്കും അത് രൂപീകരിക്കുക.

പുതിയ മദ്യനയം ഉപഭോഗം കൂട്ടാനുളളതായിരിക്കില്ല. ഇപ്പോള്‍ സംസ്ഥാനത്ത് ബാറുകള്‍ അടച്ചുപൂട്ടി എന്നുളളത് പ്രചാരണം മാത്രമാണ്. ബാറുകളൊന്നും പൂട്ടിയിട്ടില്ല. വീര്യം കുറഞ്ഞ മദ്യമാണ് ബാറുകളില്‍ വിളമ്പുന്നത്. അതേസമയം വീര്യം കൂടിയ മദ്യം വാങ്ങി വീടുകളില്‍ വില്‍ക്കുന്ന അവസ്ഥ യുഡിഎഫിന്റെ മദ്യനയം മൂലം ഉണ്ടായെന്നും കാനം കുറ്റപ്പെടുത്തി.

മദ്യവര്‍ജന നയം പ്രായോഗികതയുടെ അടിസ്ഥാനത്തിലായിരിക്കും രൂപീകരിക്കുകയെന്ന് എക്‌സൈസ് മന്ത്രി രാമകൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാരിന്റെ സദുദ്ദേശ നിലപാടുകളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി തെറ്റായി പ്രചരിപ്പിക്കാനുളള നീക്കമാണ് നടക്കുന്നത്. പൊതുജനങ്ങള്‍ ഇത് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

Top