liquor policy; minister k babu statement vigilance wright

തൃശൂര്‍: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബുവിനെതിരെയുള്ള ക്വിക്ക് വെരിഫിക്കേഷന്റെ ഭാഗമായി വിജിലന്‍സ് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി. പരാതിക്കാരനായ ജോര്‍ജ് വട്ടുകുളത്തിന്റെ മൊഴിയാണ് വിജിലന്‍സ് എസ്പി നിശാന്തിനിയുടെ നേതൃത്വത്തിലുളള സംഘം രേഖപ്പെടുത്തിയത്. പരാതിക്കാരനെ വിജിലന്‍സ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു മൊഴി എടുക്കല്‍.

തൃശൂര്‍ വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ക്വിക്ക് വെരിഫിക്കേഷന്‍ ആരംഭിച്ചത്. ബിജു രമേശ് മാധ്യമങ്ങളിലൂടെ മന്ത്രി കെ ബാബുവിനെതിരെ നടത്തിയ ആരോപണങ്ങള്‍ സിഡിയിലാക്കി പരാതിക്കാരന്‍ വിജിലന്‍സിന് തെളിവായി നല്‍കി. ബാബുവിനെ ഒന്നാംപ്രതിയായും ബിജു രമേശിനെ രണ്ടാം പ്രതിയായും കേസെടുക്കണമെന്നാണ് ജോര്‍ജ് വട്ടക്കുളത്തിന്റെ ആവശ്യം. വിജിലന്‍സ് ക്വിക് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി ഈ മാസം 23ന് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

വിജിലന്‍സ് എസ്പി നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ക്വിക്ക് വെരിഫിക്കേഷന്‍ നടത്തുന്നത്. മന്ത്രി കെ ബാബുവിനെതിരായ ഹര്‍ജിയില്‍ ക്വിക്ക് വെരിഫിക്കേഷന്‍ നടത്താന്‍ കഴിഞ്ഞ ഡിസംബര്‍ ഒന്‍പതിനാണ് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. ബാബുവിനെ ഒന്നാം പ്രതിയാക്കിയും ബിജു രമേശിനെ രണ്ടാം പ്രതിയാക്കിയും കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലായിരുന്നു വിജിലന്‍സ് കോടതിയുടെ ഉത്തരവ്. 50 ലക്ഷം രൂപ ബാബുവിന് കോഴ നല്‍കിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.

Top