മദ്യനയ അഴിമതി കേസ്;കവിതയും അരവിന്ദ് കെജ്രിവാളും തമ്മില്‍ ഇടപാട് നടന്നു എന്നതിന് തെളിവുണ്ടെന്ന് ഇഡി

ഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ബിആര്‍എസ് നേതാവ് കെ കവിതയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും തമ്മില്‍ ഇടപാട് നടന്നു എന്നതിന് തെളിവുണ്ടെന്ന് ഇഡി. കെ കവിതയും മഗുണ്ട റെഡ്ഡിയും ഇടപാടിനായി പണം നല്‍കിയെന്ന് ഇഡി പറയുന്നു. കവിതയുമായി ഡീല്‍ ഉറപ്പിച്ചെന്ന് കെജ്‌രിവാള്‍ പറഞ്ഞതായുള്ള മഗുണ്ട റെഡ്ഡിയുടെ മൊഴി ഇഡി കോടതിയില്‍ ഹാജരാക്കി. കെജ്‌രിവാളിന് നല്‍കാന്‍ കവിത 50 കോടി ആവശ്യപ്പെട്ടുവെന്നും റിമാന്‍ഡ് അപേക്ഷയില്‍ പരാമര്‍ശമുണ്ട്.

കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്നാണ് ഏറ്റവുമൊടുവിലായി പുറത്തുവരുന്ന വിവരം. എഎപി ദേശീയ കണ്‍വീനര്‍ സ്ഥാനവും അദ്ദേഹം രാജിവെക്കില്ല. ജയിലില്‍ നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കാനാണ് തീരുമാനം. ഭരണനിര്‍വ്വഹണ ചുമതല മന്ത്രിമാരില്‍ ആര്‍ക്കെങ്കിലും നല്‍കുമെന്നും സൂചനയുണ്ട്. ഇഡി കേസും നടപടിയും പ്രചാരണ വിഷയമാക്കിയാകും എഎപി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുക.

കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്‌രിവാളിനെ ഇഡി ഇന്ന് വിശദമായി ചോദ്യം ചെയ്യും. ആറുദിവസത്തെ കസ്റ്റഡിയിലാണ് നിലവില്‍ കെജ്‌രിവാളുള്ളത്. മദ്യനയ അഴിമതിയില്‍ കെജ്‌രിവാളിന് എതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാകും ഇഡിയുടെ ശ്രമം. അതിനായി കെജ്‌രിവാളിനെ വിശദമായി ഇന്ന് ചോദ്യം ചെയ്യും. ഇതേ കേസില്‍ അറസ്റ്റിലായ, തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളായ കെ കവിതയും ഇഡി കസ്റ്റഡിയിലാണ്. കെജ്‌രിവാളിനെയും കവിതയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും എന്നാണ് പുറത്ത് വരുന്ന വിവരം. കവിതയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വീണ്ടും കവിതയെ കസ്റ്റഡിയില്‍ വേണം എന്ന് ഇഡി റോസ് അവന്യു കോടതിയില്‍ ആവശ്യപ്പെടും.

Top