ക്ഷേത്രത്തില്‍ നല്കിയ ഭക്ഷണപ്പൊതികളില്‍ മദ്യക്കുപ്പി; ബിജെപി എംഎല്‍എ വിവാദത്തില്‍

ഹര്‍ദോയി (ഉത്തര്‍പ്രദേശ്): ഭക്ഷണപ്പൊതികള്‍ക്കൊപ്പം മദ്യക്കുപ്പികളും വിതരണം ചെയ്തതിലൂടെ വിവാദത്തിലായിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ ആയ നിതിന്‍ അഗര്‍വാള്‍. ഹര്‍ദോയിയിലെ ശ്രാവണദേവി ക്ഷേത്രത്തില്‍ നിതിന്‍ അഗര്‍വാള്‍ നടത്തിയ വിരുന്നാണ് വിവാദത്തില്‍ കലാശിച്ചത്.

വിരുന്നിന്റെ ഭാഗമായി ലഭിച്ച ഭക്ഷണപ്പൊതി തുറന്നപ്പോഴാണ് പൂരിയ്ക്കും സബ്ജികറിക്കുമൊപ്പം മദ്യക്കുപ്പി ജനങ്ങള്‍ കണ്ടത്. കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് ഭക്ഷണപ്പൊതികള്‍ ഇങ്ങനെ നല്‍കിയത്.

സംഭവത്തെ നിര്‍ഭാഗ്യകരമെന്നാണ് ഹര്‍ദോയി എംപി അന്‍ഷുല്‍ വര്‍മ വിശേഷിപ്പിച്ചത്. വിഷയത്തില്‍ പരാതി ഉന്നയിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി. ബിജെപി നേതൃത്വത്തെയും വിവരം അറിയിക്കുമെന്നും വര്‍മ പറഞ്ഞു.

എംഎല്‍എ ആയ നിതിന്‍ അഗര്‍വാളിന്റെ പിതാവ് നരേഷ് അഗര്‍വാള്‍ ആണ് വിരുന്നിന് നേതൃത്വം നല്കിയത്. കഴിഞ്ഞയിടെ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് ബിജെപിയില്‍ എത്തിയ വ്യക്തിയാണ് നരേഷ് അഗര്‍വാള്‍.

Top