പൂര്‍ണ്ണ മദ്യനിരോധനം ഗുണമുണ്ടാക്കില്ല; മദ്യശാലകളുടെ വര്‍ധനവില്‍ കുറവ് വരുത്തുമെന്ന് കമല്‍ഹാസന്‍

kamalhassan

ചെന്നൈ: പൂര്‍ണ്ണ മദ്യനിരോധനം നടപ്പാക്കാനാകില്ലെന്ന് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവുമായ കമല്‍ ഹാസന്‍. അങ്ങനെ ചെയ്യുന്നതു കൊണ്ട് എന്തെങ്കിലും ഗുണമുണ്ടാകുമെന്ന് തന്റെ പാര്‍ട്ടിക്ക് വിശ്വാസമില്ലെന്നും, അത് കൂടുതല്‍ ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മദ്യശാലകളുടെ വര്‍ധനവില്‍ കുറവ് വരുത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

‘നിങ്ങള്‍ക്ക് തമിഴ്‌നാട്ടില്‍ പോസ്റ്റ് ഓഫീസ് തിരഞ്ഞ് നടക്കേണ്ടി വരും, എന്നാല്‍ മദ്യശാലകള്‍ തിരയേണ്ടി വരില്ല, ഇതിന് തങ്ങള്‍ ഒരു മാറ്റം വരുത്തുമെന്നും’ കമല്‍ഹാസന്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ മദ്യശാലകള്‍ ഇങ്ങനെ വ്യാപകമാക്കണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പൂര്‍ണ്ണമായി മദ്യനിരോധനം നടപ്പാക്കുന്നത് മാഫിയകളെ സൃഷ്ടിക്കാന്‍ മാത്രമെ അവസരം ഉണ്ടാക്കുമെന്നും കമല്‍ പറഞ്ഞു. സമൂഹത്തില്‍ നിന്ന് മദ്യത്തെ ഒറ്റയടിക്ക് മാറ്റാനാവില്ലെന്നും, മനുഷ്യ ശരീരവും അതിന് അനുവദിക്കില്ലെന്നും എന്നാല്‍ അതിന്റെ ഉപയോഗം കുറച്ചുകൊണ്ടു വരാമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂളുകള്‍ക്ക് സമീപം മദ്യശാലകള്‍ തുറക്കുന്നതില്‍ ആശങ്കയുണ്ട്. സ്ത്രീ വോട്ട് ബാങ്ക് കണ്ടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പൂര്‍ണ്ണ മദ്യനിരോധനം വേണമെന്ന ആവശ്യവുമായി രംഗത്തെത്തുന്നത്. നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് തന്റെ പാര്‍ട്ടിയുടെ പ്രധാന നയമെന്നും കമല്‍ പറഞ്ഞു.

Top