ഗീര്‍ വനത്തില്‍ സിംഹങ്ങള്‍ക്ക് വിഹാരത്തിന് ഇടമില്ല ; പുറത്ത് മരണകെണിയും

lion2

ഗാന്ധിനഗര്‍: ഗീര്‍ വനത്തില്‍ ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണത്തില്‍ കുറവ് വരുന്നുവെന്ന് റിപ്പോര്‍ട്ട്. വര്‍ഷം ശരാശരി 92-ഓളം സിംഹങ്ങള്‍ ചത്തൊടുങ്ങുന്നതായാണ് കണക്കുകള്‍. ഇതില്‍ മൂന്നിലൊന്നും അസ്വഭാവികമരണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുജറാത്ത് വനമന്ത്രി ഗണപത് വാസവയാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്.

ഏഷ്യന്‍ സിംഹങ്ങളുടെ ലോകത്തിലെ അവസാന അഭയ കേന്ദ്രമാണ് ഗീര്‍ വനം. എന്നാല്‍ ഇവിടെ ഇവയ്ക്ക് സൈ്വര്യ വിഹാരം നടത്താന്‍ സ്ഥലമില്ല എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇതേ തുടര്‍ന്ന് സമീപ വനങ്ങളിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന ഇവ എത്തിച്ചേരുന്നത് മിക്കവാറും മരണകെണിയിലേക്കുമാണ്.

സിംഹങ്ങളുടെ എണ്ണത്തിലെ വര്‍ധനവ് മൂലം സമീപ വനമേഖലകളിലേക്ക് കുടിയേറുന്ന സിംഹങ്ങളാണ് മരണക്കെണികളില്‍ അകപ്പെടുന്നത്. ഇവയുടെ സൈ്വരവിഹാരത്തിന് അഞ്ചു സംസ്ഥാനപാതകളും റെയില്‍പ്പാളങ്ങളും തടസ്സം സൃഷ്ടിക്കുകയാണ്. തുറമുഖങ്ങളും സിമന്റ് നിര്‍മാണശാലകളും ചുണ്ണാമ്പ് കല്ലുഖനികളും സംരക്ഷിത വനമേഖലയുടെ അതിര്‍ത്തിപ്രദേശങ്ങളിലായി സ്ഥിതിചെയ്യുന്നത്.

തുര്‍ക്കി മുതല്‍ ഇന്ത്യ വരെ കാണപ്പെട്ടിരുന്ന ഏഷ്യന്‍ സിംഹം, ഇന്ന് അവശേഷിക്കുന്നത് ഗിര്‍ വനത്തില്‍ മാത്രമാണ്. 1882 ചതുരശ്ര കിലോമീറ്ററുള്ള ഗിര്‍ ദേശീയോദ്യാനത്തിന് ഉള്‍ക്കൊള്ളാനാകുന്നത് പരമാവധി 300 സിംഹങ്ങളെയാണ്. എന്നാല്‍ ഗീര്‍ വനങ്ങളിലെ ഏറ്റവുംപുതിയ കണക്കുപ്രകാരം സിംഹങ്ങളുടെ എണ്ണം അഞ്ഞൂറിലധികമാണ്.

2006-359, 2010 -411, 2015-523 എന്നിങ്ങനെയാണ് സിംഹങ്ങളുടെ എണ്ണത്തിലെ വര്‍ധനവ്. 2016-17 മരണപ്പെട്ടത് 184 സിംഹങ്ങളാണ് ഇതില്‍ 32 എണ്ണം ചത്തത് അസ്വാഭാവിക മരണമാണ്. 2010-15കാലയളവില്‍ 310 സിംഹങ്ങളാണ് കൊല്ലപ്പെട്ടത്. ഇതില്‍ 25 എണ്ണവും അസ്വഭാവിക മരണമാണ്.

വനത്തിലൂടെ കടന്നുപോകുന്ന റെയില്‍പ്പാളത്തില്‍ തീവണ്ടിയിടിച്ചും, വനത്തിന് സമീപമുള്ള ഗ്രാമങ്ങളിലെ ഉപയോഗശൂന്യമായ കിണറുകളില്‍ വീണും വൈദ്യുതവേലികളില്‍നിന്നുള്ള ഷോക്കേറ്റുമാണ് മിക്കപ്പോഴും സിംഹങ്ങള്‍ മരിക്കുന്നത്.

Top