‘പെണ്‍കുട്ടിക്ക് ലയണെല, ആണ്‍കുട്ടിക്ക് ലയണല്‍’ മെസിയുടെ പേരിടാൻ അര്‍ജന്റീനയില്‍ രക്ഷിതാക്കളുടെ മത്സരം

ബ്യൂണസ് അയേഴ്സ്: 36 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അര്‍ജന്റീനക്ക് ലോകകപ്പ് സമ്മാനിച്ച നായകന്‍ ലിയോണല്‍ മെസിയുടെ പേര് മക്കള്‍ക്കിടാനായി അര്‍ജന്റീനയില്‍ രക്ഷിതാക്കളുടെ മത്സരം. ആണ്‍കുട്ടികളാണെങ്കില്‍ ലയണല്‍ എന്നും പെണ്‍കുട്ടികളാണെങ്കില്‍ ലയണെലെ എന്നുമാണ് രക്ഷിതാക്കള്‍ പേരിടുന്നത്. സാന്റാഫെയില്‍ പുതുതായി ജനിക്കുന്ന കുട്ടികളില്‍ 70ല്‍ ഒരാളുടെ പേര് ലയണല്‍ എന്നൊ ലയണെല എന്നോ ആണ് രജിസ്റ്റര്‍ ചെയ്യുന്നതെന്ന് രജിസ്ട്രേഷന്‍ വകുപ്പ് പറയുന്നു.

മെസിയുടെ ജന്‍മനാടായ റൊസാരിയോ ഉള്‍പ്പടുന്ന പ്രദേശമാണ് സാന്റാഫെ. ലോകകപ്പ് നേട്ടത്തിനുശേഷം സാന്റാഫെയില്‍ മക്കള്‍ക്ക് മെസിയുടെ പേരിടുന്ന രക്ഷിതാക്കളുടെ എണ്ണത്തില്‍ 700 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ലോകകപ്പ് നേട്ടത്തിന് മുമ്പ് സാന്റാഫെയില്‍ സെപ്റ്റംബറില്‍ ആകെ ജനിച്ച കുട്ടികളില്‍ ആറ് പേര്‍ക്കാണ് മെസിയുടെ പേരിട്ടിരുന്നതെങ്കില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഇത് 49 ആയി ഉയര്‍ന്നു. സാന്റാഫെയില്‍ കഴിഞ്ഞ ആഴ്ച ജനിച്ച കുട്ടികളില്‍ ചിലര്‍ക്ക് ലോകകപ്പ് നേടിയ അര്‍ജന്റീന ടീമിലെ മറ്റ് അംഗങ്ങളുടെ പേര് നല്‍കുന്ന രക്ഷിതാക്കളും കൂട്ടത്തില്‍ ഉണ്ട്.

ജൂലിയന്‍, എമിലിയാനോ എന്നിങ്ങനെയാണ് ചില കുട്ടികളുടെ പേരായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഏറ്റവും കൂടുതല്‍ പേര് രജിസ്റ്റര്‍ ചെയ്യുന്ന പേര് ലയണല്‍, ലയണെല എന്നിവയാണെന്ന് സാന്റാഫെയിലെ രജിസ്ട്രേഷന്‍ വകുപ്പ് ഡയറക്ടറായ മരിയാനോ ഗാല്‍വെസ് പറഞ്ഞു.

ലോകകപ്പ് നേട്ടത്തിനും പുതുവര്‍ഷാഘോഷങ്ങള്‍ക്കും ശേഷം ഫ്രഞ്ച് ക്ലബ്ബ് പി എസ് ജിയില്‍ തിരിച്ചെത്തി ലിയോണല്‍ മെസിയെ ടീം അംഗങ്ങള്‍ക്ക് കഴിഞ്ഞ ദിവസം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്. ക്ലബ്ബിനൊപ്പം മെസി പരിശീലനം പുനരാരംഭിച്ചെങ്കിലും ഇന്ന് നടക്കുന്ന ഫ്രഞ്ച് കപ്പ് മത്സരത്തില്‍ മെസി പി എസ് ജിക്കായി കളിക്കില്ലെന്ന് കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

11ന് ആങ്കേഴ്സിനെതിരായ മത്സരത്തിലാകും മെസി വീണ്ടും പി എസ് ജി കുപ്പായത്തിലിറങ്ങുകയെന്നും ഗാള്‍ട്ടിയര്‍ പറഞ്ഞിരുന്നു. ഫ്രഞ്ച് ലീഗില്‍ മെസിയും നെയ്മറുമില്ലാതെ ഇറങ്ങിയ കഴിഞ്ഞ മത്സരത്തില്‍ പി എസ് ജി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ലെന്‍സിനോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയിരുന്നു.

Top