ഖത്തറിലും ലയണൽ മെസി തരംഗം, ഇസ്രയേലിനോട് ‘മുഖം’ തിരിച്ചതും നേട്ടം

ത്തറിന്റെ മണ്ണിലും ഏറ്റവും കൂടുതൽ ആരാധകരെ സമ്പാദിച്ച് ലയണൽ മെസി…! പ്രമുഖ അന്താരാഷ്ട്ര മാധ്യമത്തിന്റെ റിപ്പോർട്ട് പ്രകാരം സൗദ്യ അറേബ്യയുമായി അർജന്റീന ഏറ്റുമുട്ടുന്ന ആദ്യ മത്സരത്തിലും അറബ് മണ്ണിലെ ആരാധക പിന്തുണ മെസിയുടെ അർജന്റീനക്കായിരിക്കും. അത്രമേൽ അറബ് ജനതയുടെ മനസ്സിൽ മെസി ആവേശമായി കഴിഞ്ഞതായാണ് റിപ്പോർട്ട്. ഖത്തറിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരൻമാർക്കിടയിലും മെസിയുടെ അർജന്റീന തന്നെയാണ് ഫേവറേറ്റ് ടീം. മെസിയുടെ കൂറ്റൻ കട്ടൗട്ടുകൾ സ്ഥാപിച്ച് ഇതിനകം തന്നെ കേരളം ലോക ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. ലോകത്തെ മറ്റെല്ലാ രാജ്യങ്ങളിലും മെസിക്കും അർജന്റീനക്കും ലഭിക്കുന്ന പിന്തുണയിൽ ഫുട് ബോൾ ഇതിഹാസം മറഡോണയോടുള്ള സ്നേഹവും ഒരു പ്രധാന ഘടകമാണ്. എന്നാൽ അറബ് രാജ്യങ്ങളിൽ മെസിക്കും ടീമിനും ലഭിക്കുന്ന പിന്തുണയ്ക്ക് മറ്റൊരു ഘടകം കൂടിയുണ്ട്. അതാകട്ടെ നിലപാടിനുള്ള പിന്തുണ കൂടിയാണ്.

ഇസ്രയേലിൽ കളിക്കാനില്ലെന്ന അർജന്റീന ഫുട്ബോൾ ടീമിന്റെ തീരുമാനം അറബ് ജനതയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരുന്നത്. വർഷങ്ങൾക്ക് മുൻപ് ഇത്തരം ഒരു തീരുമാനമെടുക്കാൻ അർജന്റീനയെ പ്രേരിപ്പിച്ചതിനു പിന്നിലും മെസിയുടെ ഇടപെടലാണ് നിർണ്ണായകമായിരുന്നത്. അർജന്റീന ഇസ്രയേലുമായുള്ള സൗഹൃദ മത്സരം ഉപക്ഷിച്ചത് കേരളത്തിലും പ്രതികരണങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇക്കാര്യത്തിൽ അന്ന് വ്യത്യസ്ത പ്രതികരണവുമായാണ് ഗസൽ ഗായകൻ ഷഹബാസ് അമൻ രംഗത്ത് വന്നിരുന്നത്. ടീം മെസിയുടെ തീരുമാനത്തെ അഭിനന്ദിച്ചതോടൊപ്പം തന്നെ “ഇസ്രയേലിൽ പോയി കളിച്ച് ജയിച്ച് ആ വിജയം ഇസ്രയേൽ സൈന്യത്തിന്റെ വെടിയറ്റു മരിച്ച പലസ്തീൻ ആരോഗ്യപ്രവർത്തക റസാൻ അൽ നജാറിനു സമർപ്പിക്കണമായിരുന്നു എന്നാണ് ഷഹബാസ് അമൻ അഭിപ്രായപ്പെട്ടിരുന്നത്.

ഇസ്രയേലിൽ കളിക്കുന്നില്ലെന്ന് തീരുമാനിച്ചതിലൂടെ ‘വിജയം നജാറിനു’ സമർപ്പിക്കുന്ന ക്യാപ്റ്റനെ ലോകം മിസ്സ്‌ ചെയ്തിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. ലോകത്തൊട്ടാകെയുള്ള സോക്കർ പ്രേമികളുടെ മനസ്സ് വായിച്ചുകൊണ്ട് മെസ്സി എടുത്ത ഈ രാഷ്ട്രീയ നിലപാട് വലിയ ഹിറ്റായതിൽ സന്തോഷം രേഖപ്പെടുത്തിയ ഷഹബാസ് ഫുട്ബോളിലാണെങ്കിൽ പോലും വിപ്ലവത്തിന്റെ വേറൊരു ലെവലിനെ ഇനിയും നമ്മൾ കണ്ടെത്തേണ്ടിയിരിക്കുന്നു എന്ന പ്രഖ്യാപനത്തോടെയാണ് കുറിപ്പ് അവസാനിപ്പിച്ചിരുന്നത്. സോഷ്യൽ മീഡിയകളിൽ വലിയ പിന്തുണയാണ് ഷഹബാസ് അമന്റെ ഈ പ്രതികരണത്തിന് അന്ന് ലഭിച്ചിരുന്നത്.

മെസിയുടെയും സംഘത്തിന്റെയും കളികളെ മാത്രമല്ല നിലപാടുകളെയും നെഞ്ചേറ്റുന്നവരാണ് അറബ് ജനത. അതു കൊണ്ടു തന്നെ സൗദി അറേബ്യയുമായുള്ള ആദ്യ മത്സരത്തിലും ഗാലറികളെ ഇളക്കി മറിക്കാൻ പോകുന്നതും അർജന്റീന തന്നെയായിരിക്കും. പോരാട്ടങ്ങളുടെ വിപ്ലവ പ്രത്യയശാസ്ത്രം കാലില്‍ നിറച്ചെത്തുന്ന ലയണല്‍ മെസിക്ക് ഖത്തറിൽ നിന്നും ഇത്തവണ കപ്പില്‍ കൈ തൊടാനാകാതെ മടങ്ങാനാകില്ല. മികച്ച കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് കൊണ്ടു മാത്രം തൃപ്തിപ്പെട്ട് മടങ്ങാനല്ല മെസ്സി ഇത്തവണ എത്തിയിരിക്കുന്നത്. ഈ “ചലഞ്ച് ” തന്നെയാണ് അർജന്റീനിയൻ ആരാധകരും പങ്കു വയ്ക്കുന്നത്.അര്‍ജന്റീനയുടെ കുപ്പായത്തിൽ ഒരു അന്തർ ദേശീയ കിരീടത്തിനായി നാലുവട്ടമാണ് ഫൈനല്‍ വരെ ഗോളടിച്ചും ഗോളടിപ്പിച്ചും മെസി എത്തിയിരുന്നത്. അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍‌ ഗോളടിച്ച ഏക താരവും മെസിയാണ്. നാല് ഫൈനല്‍ കളിച്ചിട്ടും കപ്പെടുക്കാതെ മടങ്ങിയ ഇതിഹാസങ്ങള്‍ ഒരു പക്ഷെ മെസിയല്ലാതെ വേറെ കാണുകയുമില്ല. എന്നാൽ ഒടുവിൽ കോപ്പ കപ്പ് നേടി ഈ ആക്ഷേപത്തിനും മെസി ചുട്ട മറുപടി നൽകുകയുണ്ടായി.

 

ടീം എന്ന നിലയിൽ മുൻ കാലങ്ങളിൽ ഉണ്ടായിരുന്ന പരിമിതികൾ മറികടന്നാണ് ഇത്തവണ മെസിപ്പട എത്തുന്നത്. അതു കൊണ്ടു തന്നെ ഖത്തറിൽ നടക്കാൻ പോകുന്നത് പൊരിഞ്ഞ പോരാട്ടം തന്നെ ആയിരിക്കും. “ഇത്തവണയില്ലങ്കിൽ ഇനി ഒരിക്കലുമില്ല എന്ന ബോധമുള്ള ” മെസിയെ എതിരാളികൾ ഭയക്കുക തന്നെ വേണം. തനിക്ക് നേടാൻ അവശേഷിക്കുന്ന ഏക കപ്പിനായാണ് മെസി കളത്തിലിറങ്ങുന്നത്. മറ്റെല്ലാ കപ്പുകളും അദ്ദേഹം ഇതിനകം തന്നെ നേടികഴിഞ്ഞു. ലോകത്തെ മികച്ച കളിക്കാരനുള്ള ബാലണ്‍ ഡി ഓറും, യുവേഫ പ്ലയര്‍ അവാര്‍ഡുകളും ഏറ്റവും കൂടുതൽ ലഭിച്ചതും ലയണൽ മെസിക്കു മാത്രമാണ്. ഏഴാംവട്ടമാണ് ബാലൻ ഡി ഓർ സുവർണപന്തിൽ മെസി മുത്തമിട്ടിരിക്കുന്നത്.

 

ഖത്തറിലും മെസിയെ കാത്തിരിക്കുന്നത് നിരവധി റെക്കോർഡുകളാണ്. സൗദി അറേബ്യക്കെതിരെ നവംബർ 22ന് ബൂട്ട് കെട്ടുമ്പോള്‍ മെസ്സി മറികടക്കുന്നത് നാല് ലോകകപ്പുകള്‍ കളിച്ച സാക്ഷാല്‍ ഡീഗോ മറഡോണയെ ആയിരിക്കും. ലോകകപ്പ് ഗോള്‍ സ്‌കോറര്‍മാരില്‍ നിലവില്‍ അഞ്ചാം സ്ഥാനമാണ് മെസിക്കുള്ളത്. ഖത്തറില്‍ നാല് തവണ ലക്ഷ്യം കണ്ടാല്‍ 10 ഗോളുകളുള്ള ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പമാണ് മെസിയെത്തുക. ഇതും മറികടന്നാൽ അതും പുതിയ റെക്കോർഡാകും. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരത്തിലും കളിച്ചാല്‍ അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരമായും മെസി ചരിത്രത്തിൽ ഇടം പിടിക്കും. ‘കോപ്പ’ കൂടി സ്വന്തമാക്കിയതോടെ മെസിക്കു മുന്നിൽ ഇനിയുള്ള ഏക വെല്ലുവിളി ലോകകപ്പ് കിരീടം മാത്രമാണ്. മറ്റെല്ലാം അദ്ദേഹത്തെ സ്വാഭാവികമായും തേടിയെത്തുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

EXPRESS KERALA VIEW

Top