ലയണല്‍ മെസ്സിയുടെ യുഎസ് കരാര്‍ മൂല്യം 150 ദശലക്ഷം ഡോളര്‍

ന്യൂയോര്‍ക്ക്: യുഎസ് ഫുട്‌ബോള്‍ ക്ലബ് ഇന്റര്‍ മയാമിയുമായി അര്‍ജന്റീന ഫുട്‌ബോളര്‍ ലയണല്‍ മെസ്സി ഒപ്പിടാന്‍ ഒരുങ്ങുന്ന കരാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നു തുടങ്ങി. 150 ദശലക്ഷം ഡോളര്‍ (ഏകദേശം 1230 കോടി രൂപ) മൂല്യമുള്ളതാണ് കരാറെന്ന് യുഎസ് ഡിജിറ്റല്‍ മാധ്യമമായ സ്‌പോര്‍ട്ടിക്കോ റിപ്പോര്‍ട്ട് ചെയ്തു.

മെസ്സിയുടെ ശമ്പളം, ബോണസ്, ക്ലബ്ബില്‍ മെസ്സിക്ക് ലഭിക്കുന്ന ഓഹരി പങ്കാളിത്തം എന്നിവയെല്ലാം കൂടിച്ചേരുന്നതാണ് ഈ തുക. 2025 വരെയാണ് മെസ്സിയുമായി കരാര്‍. ഇരുകൂട്ടര്‍ക്കും താല്‍പര്യമെങ്കില്‍ ഒരു വര്‍ഷത്തേക്കു കൂടി കരാര്‍ നീട്ടാനും സാധിക്കും.
എന്നാല്‍, ആപ്പിള്‍, അഡിഡാസ്, ഫനാറ്റിക്‌സ് തുടങ്ങിയ കമ്പനികള്‍ മെസ്സിക്കു നല്‍കേണ്ട ലാഭവിഹിതം ഇതിനു പുറമേയാണ്. അഡിഡാസുമായി ആജീവനാന്ത കരാറിലുള്ള മെസ്സിക്ക് അധികവരുമാനമാണ് ഇതുവഴി ലഭിക്കുക.

എന്നാല്‍, 2007ല്‍ മേജര്‍ സോക്കര്‍ ലീഗിലേക്കു വന്ന ഇംഗ്ലണ്ട് താരം ഡേവിഡ് ബെക്കാമിനു ലഭിച്ചതുപോലെയാവില്ല ഓഹരി പങ്കാളിത്തം എന്നും സ്‌പോര്‍ട്ടിക്കോ റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത മാസം മെസ്സി ലീഗില്‍ ആദ്യ മത്സരം കളിക്കുമെന്ന് ക്ലബ് അറിയിച്ചു.

Top