പുതിയ റെക്കോർഡുമായി ലയണൽ മെസി

ലിസ്ബൺ: ചാമ്പ്യൻസ് ലീഗിൽ 40 ടീമുകൾക്കെതിരെ ഗോൾ നേടുന്ന ആദ്യ താരമായി സൂപ്പർതാരം ലയണൽ മെസി. ചാമ്പ്യൻസ് ലീഗിൽ ബെൻഫികയ്ക്ക് എതിരെയുള്ള ഗോൾ നേട്ടത്തോടെയാണ് പിഎസ്ജി താരത്തിന്റെ പുതിയ നേട്ടം. 38 വ്യത്യസ്ത ടീമുകൾക്ക് എതിരെ ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് മെസിക്ക് പിന്നിലുള്ളത്.

ബെൻഫിക്കയ്ക്ക് എതിരെ 22ാം മിനിറ്റിലാണ് മെസി വല കുലുക്കിയത്. എന്നാൽ 41ാം മിനിറ്റിലെ ഡാനിലോയുടെ ഓൺ ഗോളിലൂടെ ബെൻഫികയ്ക്ക് സമനില പിടിക്കാനായി. എല്ലാ കോമ്പറ്റീഷനുകളിലുമായി കഴിഞ്ഞ ആറ് മത്സരങ്ങളിൽ ആറിലും മെസി ഗോൾ നേടിയിരുന്നു.

അർജന്റനയ്ക്ക് വേണ്ടി സൗഹൃദ മത്സരങ്ങളിൽ ഗോൾ നേടിയത് ഇതിൽ ഉൾപ്പെടുന്നു. 127 ചാമ്പ്യൻസ് ലീഗ് ഗോളുകളാണ് മെസിയുടെ അക്കൗണ്ടിൽ ഇപ്പോഴുള്ളത്. പിഎസ്ജിക്ക് വേണ്ടി മെസി ചാമ്പ്യൻസ് ലീഗിൽ ഇതുവരെ നേടിയത് ഏഴ് ഗോളുകളാണ്.

അതേസമയം, ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് എച്ച് പോയിന്റ് ടേബിളിൽ പിഎസ്ജി തന്നെയാണ് ഒന്നാമത്. മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവും ഒരു സമനിലയുമായി 7 പോയിന്റാണ് പിഎസ്ജിയ്ക്ക് ഉള്ളത്. തുല്യ പോയിന്റാണെങ്കിലും ഗോൾ ശരാശരിയിലെ പിന്നിലുള്ള ബെൻഫിക്കയാണ് പോയിന്റ് ടേബിളിൽ രണ്ടാമത്. ഒക്ടോബർ 12 ന് നടക്കുന്ന അടുത്ത മത്സരത്തിൽ ബെൻഫിക്ക തന്നെയാണ് പിഎസ്ജിയുടെ എതിരാളി.

Top