സൗദിയുടെ ആഗോള മാര്‍ക്കറ്റിങ് ക്യാമ്പയിനിങിന് ലയണല്‍ മെസ്സി തുടക്കം കുറിക്കും

റിയാദ്: ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായുളള സൗദിയുടെ ആഗോള മാര്‍ക്കറ്റിങ് ക്യാമ്പയിനിങിന് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി തുടക്കം കുറിക്കും. സൗദിയുടെ ടൂറിസം അംബാസഡറാണ് ലയണല്‍ മെസ്സി.

സൗദി വനിതകള്‍ വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൗദി വനിതാ ദേശീയ ഫുട്ബോള്‍ ടീം, മോട്ടോര്‍ സ്പോര്‍ട്സ് അത്ലറ്റ് ഡാനിയ അക്കീല്‍, ബഹിരാകാശത്തെത്തിയ ആദ്യ സൗദി വനിത റയ്യാന ബര്‍നാവി തുടങ്ങിയ വനിതകള്‍ ദൃശ്യത്തില്‍ കാണാം. റിയാദ് സീസണ്‍, ജിദ്ദ സീസണ്‍, ദിരിയ സീസണ്‍ എന്നിവയുള്‍പ്പെടെ 17,000 പരിപാടികളാണ് സൗദിയില്‍ നടക്കാന്‍ പോകുന്നത്. അല്‍ നസര്‍, അല്‍ ഹിലാലിനും എതിരായ ഇന്റര്‍ മിയാമിയുടെ രണ്ട് മത്സരങ്ങള്‍ക്ക് മുന്നോടിയായി ക്യാമ്പയിനിങിന്റ ലോഞ്ച് ഉണ്ടാകും.ടൂറിസം മനസ്സിനെ തുറക്കുന്നു എന്ന ഐക്യരാഷ്ട്ര സഭയുടെ പദ്ധതി പോലെയാണ് സൗദിയുടെ പദ്ധതിയും. വിനോദസഞ്ചാരത്തിലൂടെ കാഴ്ചപ്പാടുകള്‍ വിശാലമാക്കാനും സംസ്‌കാരങ്ങളെ ബന്ധിപ്പിക്കാനുമുള്ള ശ്രമമാണിതെന്നും അധികൃതര്‍ വ്യക്തമാക്കി. ക്യാമ്പയിനിങിന്റെ ഭാഗമായി മെസ്സിയെ ഉള്‍പ്പെടുത്തി ഒരു വീഡിയോ തയ്യാറാക്കിയിട്ടുണ്ട്.

രാജ്യത്തിന്റെ വൈവിധ്യത്തെ കണ്ടെത്താനും അവരുടെ ഓര്‍മ്മകള്‍ പങ്കിടാനുമായി സഞ്ചാരികളെ സൗദി ക്ഷണിക്കുകയാണ്. ‘നിങ്ങള്‍ ചിന്തിക്കുന്നതിന് അപ്പുറം പോകുക’ എന്ന സ്ലോഗനോട് കൂടിയാണ് ക്യാമ്പയിന്‍ ആരംഭിക്കുന്നത്. യൂറോപ്പ്, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിലെ വിപണിയാണ് ക്യാമ്പയിന്‍ ലക്ഷ്യംവെക്കുന്നത്. സൗദിയുടെ സാംസ്‌കാരിക മാറ്റങ്ങള്‍, രാജ്യത്തെ കുറിച്ചുളള പൊതുവായ തെറ്റിദ്ധാരണകള്‍ മാറ്റുകയുമാണ് ക്യാമ്പയ്‌നിങിലൂടെ ലക്ഷ്യമിടുന്നത്.

Top