പി എസ് ജിയില്‍ തുടരാന്‍ തയാറായി മെസി, ബാഴ്സക്കും ബെക്കാമിനും കാത്തിരിപ്പ്

പാരീസ്: ഫ്രഞ്ച് ക്ലബ് പാരിസ് ജര്‍മ്മനുമായുള്ള കരാര്‍ പുതുക്കാൻ അര്‍ജന്‍റീന നായകന്‍ ലിയോണൽ മെസി വാക്കാൽ ധാരണയായതായി റിപ്പോര്‍ട്ട്. ക്ലബ് ഭാരവാഹികളും മെസിയും തമ്മില്‍ കരാര്‍ സംബന്ധിച്ചുള്ള ഔദ്യോഗിക ചർച്ചകള്‍ ഉടൻ നടക്കും. പിഎസ്ജിയുമായുള്ള ലിയോണൽ മെസ്സിയുടെ രണ്ട് വര്‍ഷ കരാര്‍ ഈ സീസണിനൊടുവിൽ അവസാനിക്കും. കരാര്‍ നീട്ടാൻ ക്ലബ് ഏറെക്കാലമായി ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും എല്ലാം ലോകകപ്പിന് ശേഷം പറയാമെന്നായിരുന്നു മെസിയുടെ ഇതുവരെയുള്ള പ്രതികരണം.

ലോകകപ്പെന്ന തന്‍റെ ഏറ്റവും വലിയ സ്വപ്നം മെസ്സി സാക്ഷാത്കരിച്ച മെസിക്ക് മുന്നിലുള്ള വലിയ ചോദ്യം അടുത്ത സീസണിൽ ഏത് ക്ലബിലേക്കെന്നുള്ളതാണ്. പി എസ് ജിയില്‍ ഒരു വര്‍ഷം കൂടി തുടരാന്‍ മെസിയും ക്ലബ്ബും വാക്കാൽ ധാരണയിലെത്തിയെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാൽ എത്ര കാലത്തേക്കെന്നോ, പുതുക്കിയ ശമ്പളം എത്രയെന്നതോ തീരുമാനമായിട്ടില്ല. ഒരു വര്‍ഷത്തേക്ക് കരാര്‍ നീട്ടാനാണ് മെസി ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നത് എന്നാണ് സൂചന. പി എസ് ജിയെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കുക എന്ന അന്തിമ ലക്ഷ്യം കൂടി മെസിയുടെ മനസിലുണ്ടെന്നാണ് സൂചന. കഴിഞ്ഞ സീസണില്‍ പി എസ് ജിക്കായി തിളങ്ങാനായില്ലെങ്കിലും ഈ സീസണില്‍ ഗോളുകളും അസിസ്റ്റുകളുമായി പി എസ് ജിയില്‍ മിന്നും ഫോമിലാണ് മെസി.

കരാര്‍ നീട്ടുന്നത് സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്താൻ മെസിയും പിഎസ്ജി അധികൃതരും വൈകാതെ ചര്‍ച്ചയ്ക്ക് ഇരിക്കുമെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം മെസിയെ അടുത്ത സീസണിൽ തിരിച്ചുകൊണ്ടുവരാമെന്ന പ്രതീക്ഷയിലായിരുന്നു ബാഴ്സലോണ. ഇതിനിടെ മെസിയെ അമേരിക്കന്‍ ഫുട്ബോള്‍ ലീഗായ മേജര്‍ ലീഗ് സോക്കറിലെത്തിക്കാന്‍ ഡേവിഡ് ബെക്കാമിന്‍റെ നേതൃത്വത്തിലും ഊര്‍ജ്ജിത ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എം എല്‍ എസില്‍ ഇന്‍റര്‍ മിയാമിയാണ് മെസിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്.

Top