മഴവില്ലഴകുള്ള ഫ്രീകിക്ക്, 800 ഗോൾ തികച്ച് മെസി

ബ്യൂണസ് അയേഴ്‌സ്: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ശേഷം കരിയറിൽ 800 ഗോളുകൾ തികയ്ക്കുന്ന സമകാലിക ഫുട്ബോളറായി അർജൻറീനയുടെ മിശിഹാ ലിയോണൽ മെസി. സൗഹൃദ മത്സരത്തിൽ പാനമയ്ക്കെതിരെ ഗോൾ നേടിയാണ് മെസി റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്. ഖത്തർ ലോകകപ്പ് വിജയത്തിന് ശേഷം അർജൻറീന ആദ്യമായി കളത്തിലിറങ്ങിയ മത്സരത്തിൽ നീലപ്പട എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പാനമയെ തോൽപിച്ചു. തിയാഗോ അൽമാഡയായിരുന്നു മറ്റൊരു ഗോൾ സ്കോറർ.

മഴവിൽ മെസി

റെക്കോർഡ് ബുക്കിൽ പടവെട്ടി പോരടിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയും ലിയോണൽ മെസിയും മറ്റൊരു ഐതിഹാസിക പട്ടികയിൽ കൂടി. കരിയറിൽ 800 ഗോളുകൾ തികയ്ക്കുന്ന മൂന്നാം താരമെന്ന നേട്ടമാണ് പാനമയ്ക്കെതിരായ ഗോളോടെ മെസി സ്വന്തം കാൽക്കീഴിലാക്കിയത്. 828 ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയും 805 ഗോളുമായി ജോസഫ് ബിക്കനും മാത്രമാണ് മെസിക്ക് മുന്നിലുള്ളത്. പാനമയ്ക്കെതിരെ 78-ാം മിനുറ്റിൽ തിയാഗോ അൽമാഡ ഗോൾപട്ടിക തുറന്നു. 89-ാം മിനുറ്റിൽ ലിയോണൽ മെസി അർജൻറീനയ്ക്ക് രണ്ട് ഗോൾ ലീഡ് സമ്മാനിച്ചപ്പോൾ തൻറെ കരിയറിലെ 800 ഗോളെന്ന സ്വപ്‌ന നേട്ടം പേരിലായി. ബോക്‌സിന് പുറത്തുനിന്നുള്ള അത്യുഗ്രൻ മഴവിൽ ഫ്രീകിക്ക് ഗോളിലൂടെയായിരുന്നു മെസിയുടെ വലകുലുക്കൽ.

എന്നാൽ അർജൻറീനയുടെ എക്കാലത്തേയും ഗോൾസ്‌കോററായ മെസിക്ക് ആൽബിസെലസ്റ്റെ കുപ്പായത്തിൽ 100 ഗോളുകൾ എന്ന നേട്ടത്തിലേക്ക് ഇനിയും കാത്തിരിക്കണം. പാനമയ്ക്കെതിരെ ഇറങ്ങുമ്പോൾ 98 ഗോളുകളുണ്ടായിരുന്ന മെസിയുടെ നേട്ടം 99ലെത്തി. പാനമയ്ക്കെതിരെ ഇരട്ട ഗോൾ നേടിയാൽ അന്താരാഷ്‍ട്ര കരിയറിൽ 100 ഗോളിലെത്തുന്ന മൂന്നാമത്തെ താരമാകുമായിരുന്നു മെസി. 109 ഗോളുമായി അലി ദേയിയും 120 ഗോളുകളുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയും മാത്രമാണ് മെസിക്ക് മുന്നിൽ.

Top