അടുത്ത ലോകകപ്പില്‍ കളിക്കുന്നതിനെ കുറിച്ച് പ്രതികരിച്ച് ലിയോണല്‍ മെസി

പാരീസ്: അടുത്ത കോപ്പ അമേരിക്കയിലും അര്‍ജന്റീനക്കായി കളിക്കുമെന്ന് അടുത്തിടെ അവരുടെ ക്യാപ്റ്റന്‍ ലിയോണല്‍ മെസി വ്യക്തമാക്കിയിരുന്നു. ലോകകപ്പ് നേട്ടത്തിന് ശേഷം വിരമിക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് മെസി ഇക്കാര്യം പുറത്തുപറഞ്ഞത്. ലോകകപ്പ് നേട്ടത്തിന് ശേഷം ആ ജേഴ്‌സിയില്‍ കളിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് മെസി വ്യക്തമാക്കുകയായിരുന്നു. 2024ല്‍ അമേരിക്കയിലാണ് കോപ്പ അമേരിക്ക നടക്കുന്നത്. 16 ടീമുകള്‍ ടൂര്‍ണമെന്റിന്റെ ഭാഗമാവും.

എന്നാല്‍ 2026ല്‍ അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നിവര്‍ സംയുക്തമായി വേദിയാകുന്ന ലോകകപ്പില്‍ കളിക്കുമെന്ന് ഉറപ്പില്ലെന്ന് മെസി വ്യക്തമാക്കി. മെസിയുടെ വാക്കുകള്‍… ”2026 ലോകകപ്പില്‍ ഞാന്‍ കളിക്കുമോ എന്നെനിക്ക് ഉറപ്പില്ല. അടുത്ത ലോകകപ്പില്‍ കളിക്കാന്‍ തന്റെ പ്രായം അനുവദിക്കുമോ എന്നറിയില്ല. ഫുട്‌ബോള്‍ ഞാന്‍ ആസ്വദിക്കുന്നു. ഫുട്‌ബോള്‍ കളിക്കാനും ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. ഫിറ്റ്‌നെസ് അനുവദിക്കുന്നത് വരെ അതങ്ങനെതന്നെ തുടരും. അടുത്ത ലോകകപ്പിലേക്ക് ഇനിയും ഏറെ ദൂരമുണ്ട്. അതുകൊണ്ട് കളിക്കുമോ എന്ന് ഉറപ്പ് പറയാന്‍ പറ്റില്ല.” മെസി പറഞ്ഞു.

അതേസമയം, അര്‍ജന്റീനയുടെ കോച്ചായി ലിയോണല്‍ സ്‌കലോണി തുടരണമെന്നും മെസി പറഞ്ഞു. ”സ്‌കലോണി പരിശീലകനായി തുടരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതുമായി ബന്ധപ്പെട്ട് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി ചര്‍ച്ച നടക്കുന്നുണ്ട്. അദ്ദേഹം പരിശീലക സ്ഥാനത്ത് തുടരുകയാണ് വേണ്ടത്.” മെസി വ്യക്തമാക്കി.

2014 ലോകകപ്പ് തോല്‍വിയെ കുറിച്ച് ചോദിച്ചപ്പോള്‍, ഫൈനലിലെ തോല്‍വിയെ കുറിച്ച് സംസാരിക്കാന്‍ താന്‍ ഇഷ്ടപ്പെട്ടിരുന്നില്ലെന്നായിരുന്നു മെസിയുടെ മറുപടി. പിഎസ്ജിയില്‍ സഹതാരം കിലിയന്‍ എംബാപ്പെയുമായി യാതൊരു പ്രശ്നവുമില്ലെന്ന് മെസി കൂട്ടിചേര്‍ത്തു.

നിലവില്‍ 35 വയസാണ് മെസിക്ക്. അടുത്ത ലോകകപ്പ് ആവുമ്പോഴേക്കും 39 വയസാവും ഇതിഹാസ താരത്തിന്. അടുത്ത ലോകകപ്പിലും മെസി വേണമെന്ന് മുമ്പ് സ്‌കലോണി അഭിപ്രായപ്പെട്ടിരുന്നു.

Top