വിലക്കുകൾക്കും തടയാനാകില്ല മെസ്സിയെ, ലോകത്തിന്റെ വികാരം സൂപ്പർ നായകന് !

ലോകത്ത് ഇന്നും ഏറ്റവും അധികം ആരാധകരുള്ള ഫുട്ബോള്‍ താരം ആരാണെന്ന് ചോദിച്ചാല്‍ അതിന് ഒരു ഉത്തരമേയുള്ളൂ, അതാണ് ലയണല്‍ മെസ്സി. ഫിഫ അച്ചടക്ക നടപടി എടുത്താലും ഇല്ലെങ്കിലും ഇക്കാര്യത്തില്‍ ഒരു മാറ്റവും ഉണ്ടാവില്ല. 1986ല്‍ മറഡോണ ഇംഗ്ലണ്ടിനെതിരെ നൂറ്റാണ്ടിന്റെ ഗോള്‍ നേടുമ്പോള്‍ മെസ്സി ജനിച്ചിരുന്നില്ല. എന്നാല്‍ മറഡോണ ഇരുപത്തിയഞ്ചാം വയസ്സില്‍ നേടിയ ഗോളിന് സമാനമായ ഗോള്‍ മെസ്സി പത്തൊന്‍പതാം വയസില്‍ നേടുകയുണ്ടായി. അതോടെ മാധ്യമങ്ങള്‍ക്കും മെസ്സി ‘മെസിഡോണ’യായി. മറഡോണയുടെതാണോ മെസ്സിയുടേതാണോ മികച്ച ഗോളെന്ന ചര്‍ച്ചകളും പൊടിപൊടിക്കുകയുണ്ടായി.

മെസ്സിയുടെ ഗോളിന് 12 സെക്കന്‍ഡായിരുന്നു സമയം, മറഡോണയുടേതിന് 10.8 സെക്കന്‍ഡ്. മറഡോണ 62 മീറ്ററാണ് ഓടിയത്. മെസ്സിയാകട്ടെ 60 മീറ്ററാണ് ഓടിയത്. മെസ്സി 13 സ്പര്‍ശങ്ങളാണെങ്കില്‍ മറഡോണയ്ക്കത് 12 ആയിരുന്നു. മെസ്സി അഞ്ച് കളിക്കാരെ വെട്ടിച്ചപ്പോള്‍ മറഡോണ ആറ് കളിക്കാരെയാണ് കബളിപ്പിച്ചത്. ഏത് ഗോളാണ് മികച്ചതെന്ന കാര്യത്തില്‍ പ്രതികരിക്കേണ്ടിവന്നപ്പോള്‍ മറഡോണയ്ക്ക് പക്ഷേ സംശയമുണ്ടായിരുന്നില്ല. തന്റെ ഗോള്‍ തന്നെ. മെസ്സിയാകട്ടെ സ്വന്തം ഗോള്‍ അന്ന് ആശുപത്രിയിലായിരുന്ന മറഡോണയുടെ ആരോഗ്യത്തിനായാണ് സമര്‍പ്പിച്ചത്. അതേവര്‍ഷം തന്നെ എസ്പാന്യോളിനെതിരെ മറഡോണ ശൈലിയിലുള്ള മറ്റൊരു ഗോളും മെസ്സി നേടുകയുണ്ടായി.

മറഡോണ മെസ്സിയെ വിളിച്ചിരുന്നത് മിശിഹ എന്നായിരുന്നു. തനിക്ക് പിന്നാലെ വന്ന രക്ഷകന്‍ എന്നാണ് മറഡോണ ഉദ്ദേശിച്ചിരുന്നത്. ഫുട്ബോളിലായിരുന്നു മെസ്സി പിച്ചവച്ചതുതന്നെ. ഫുട്ബോള്‍ തന്നെയായിരുന്നു കളിപ്പാട്ടവും. ജന്മനാട്ടില്‍ റൊസാരിയോ ക്ലബ്ബില്‍ കളിച്ചുതുടങ്ങിയ മെസ്സി മറഡോണയെപ്പോലെ തന്നെ പന്തില്‍ ഇന്ദ്രജാലം കാട്ടിയാണ് കാണികളെ വിസ്മയിപ്പിച്ചിരുന്നത്. ബാഴ്‌സലോണയിലേക്കുള്ള മെസ്സിയുടെ രംഗപ്രവേശം അവിശ്വസനീയം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന കഥയാണ്.

പത്താം വയസില്‍ ഹോര്‍മോണ്‍ കുറവുമൂലം രോഗാതുരനായ മെസ്സിക്കുള്ള ചികിത്സാ ചെലവ് വഹിക്കാന്‍ മെസ്സിയുടെ അച്ഛന് വകയുണ്ടായിരുന്നില്ല. ബാഴ്‌സലോണയുമായുള്ള കരാര്‍ ഉറപ്പിക്കാന്‍ പല പ്രതിബന്ധങ്ങളും ഉണ്ടായെങ്കിലും ഭാഗ്യം മെസ്സിയെ തുണച്ചു. പിന്നീട് മെസ്സിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. യോഹാന്‍ ക്രൈഫും മറഡോണയും റൊണാള്‍ഡോയും റൊണാള്‍ഡീഞ്ഞോയും കളിച്ച, ലോകത്തിലെ തന്നെ ഏറ്റവും അറിയപ്പെടുന്ന ഫുട്ബോള്‍ ക്ലബ്ബിലെ പുതിയ താരോദയമായി മെസ്സി മാറി. ആ പകിട്ട് ഇപ്പോഴും തുടരുകയാണ്. മെസ്സിയുടെ ശിരസില്‍ കിരീടങ്ങള്‍ക്കുമേല്‍ കിരീടങ്ങള്‍ വന്നു നിറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ കളിക്കാരനുള്ള ബാലന്‍ദ്യോര്‍ അഥവാ സ്വര്‍ണപ്പന്ത് പുരസ്‌കാരം അഞ്ചു തവണയാണ് മെസ്സിയെ തേടിയെത്തിയത്. ആരേയും അമ്പരപ്പിക്കുന്ന നേട്ടമാണിത്.

അതേസമയം ലോകകപ്പ് ഉയര്‍ത്തുകയാണ് ഒരു ഫുട്ബോള്‍ കളിക്കാരന്റെ ഏറ്റവും വലിയ സ്വപ്നമെങ്കില്‍ മെസ്സിയുടെ ആ സ്വപ്നം ഇപ്പോഴും സ്വപ്നമായി തന്നെ അവശേഷിക്കുകയാണ്. ബാഴ്‌സലോണയ്ക്കുവേണ്ടി കളിച്ച, അസാധ്യം എന്ന് വിശേഷിപ്പിക്കാവുന്ന കേളീശൈലിയുടെ ഒരംശം പോലും മെസ്സിക്ക് ലോകകപ്പ് മത്സരങ്ങളില്‍ പുറത്തെടുക്കാനായിരുന്നില്ല. ഇനി അവസാനത്തെ ഒരവസരം ഖത്തറില്‍ നടക്കുന്ന ലോകകപ്പാണ്. അതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് മെസ്സിയും സംഘവും.

ഈ മെസ്സിയെ ചൊല്ലിയാണിപ്പോള്‍ ലോകത്ത് വിവാദം പൊടിപൊടിക്കുന്നത്. കോപ അമേരിക്ക ഫുട്ബോള്‍ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോകേണ്ടി വന്ന മെസ്സിയുടെ പ്രതികരണം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. ചിലി- അര്‍ജന്റീന ലൂസേഴ്സ് ഫൈനലില്‍ വിജയിച്ചിട്ടും കലിയടങ്ങാതെ മെസ്സി പൊട്ടിത്തെറിക്കുകയായിരുന്നു. ബ്രസീലിനെതിരെയുള്ള മത്സരത്തില്‍ റഫറിയെ വിമര്‍ശിച്ചതിനാണ് തന്നോട് പക തീര്‍ത്തതെന്നാണ് മെസ്സിയുടെ പ്രധാന ആരോപണം. ചിലിയുമായുള്ള മത്സരത്തില്‍ ഈ അവസരം മുതലെടുക്കുകയായിരുന്നുവെന്നാണ് മിശിഹ ചൂണ്ടിക്കാട്ടുന്നത്. ഫൈനലിലേക്ക് അര്‍ജന്റീന എത്തരുത് എന്ന നിലപാടുമായാണ് റഫറിമാര്‍ കഴിഞ്ഞ കളിലെല്ലാം നേരിട്ടതെന്ന മെസ്സിയുടെ ആരോപണം ഫുട്ബോള്‍ ഫെഡറേഷനും വലിയ പ്രഹരമായിട്ടുണ്ട്.

ടൂര്‍ണമെന്റ് നടത്തിപ്പിന്റെ വിശ്വാസ്യത തന്നെയാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. കാരണമില്ലാതെ മെസ്സി ഇത്തരം ഒരു ആരോപണം ഉന്നയിക്കില്ലെന്നാണ് ആരാധകരും കരുതുന്നത്. ഫെഡറേഷന്റെ അഴിമതിയാണ് മെസ്സി തുറന്ന് കാട്ടിയിരിക്കുന്നതെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഫെഡറേഷനെ വിമര്‍ശിക്കുന്ന കളിക്കാര്‍ക്ക് വലിയ ശിക്ഷ നല്‍കുന്ന നിയമമാണ് കോണ്‍ മെബോല്‍ നിയമം. ഇത് മെസ്സിക്കെതിരെ പ്രയോഗിച്ചാല്‍ രണ്ടര വര്‍ഷം കളിക്കളത്തിന് പുറത്തിരിക്കേണ്ടി വരും. മഞ്ഞ കാര്‍ഡ് കാണിക്കേണ്ടതിന് പകരം മെസ്സിക്ക് ചുവപ്പ് കാര്‍ഡ് കാണിച്ചത് ശരിയായില്ലെന്ന നിലപാട് ഫിഫയിലും ശക്തമാണ്. എന്നാല്‍ കടുത്ത അച്ചടക്ക നടപടി കാണിച്ച മെസ്സിക്കെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ ഫുട്ബോള്‍ ഫെഡറേഷനിലെ ഒരു വിഭാഗം ഉറച്ച് നില്‍ക്കുകയാണ്.

ബ്രസീലിന് കിരീടം നേടാനുള്ള തരത്തിലുള്ളതാണ് ടൂര്‍ണമെന്റില്‍ നടക്കുന്ന കാര്യങ്ങളെന്ന മെസ്സിയുടെ ആരോപണമാണ് ഫെഡറേഷനെ ചൊടിപ്പിച്ചിരിക്കുന്നത്. വെങ്കല മെഡല്‍ വാങ്ങാന്‍ തയ്യാറാകാതിരുന്ന മെസ്സിയുടെ നടപടിയും വിവാദമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രണ്ടര വര്‍ഷത്തേക്ക് വിലക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പരിഗണനയില്‍. മെസ്സിയുടെ സീനിയര്‍ കരിയറിലെ രണ്ടാമത്തെ ചുവപ്പ് കാര്‍ഡാണിത്. 2005ല്‍ ഹംഗറിക്കെതിരായ മത്സരത്തിലാണ് ആദ്യ ചുവപ്പ് കാര്‍ഡ് ലഭിച്ചത്. പൊതുവെ കളിക്കളത്തിന് അകത്തും പുറത്തും മാന്യമായി മാത്രം പെരുമാറുന്ന താരമാണ് മെസ്സി. അതുകൊണ്ടു തന്നെ കോടി കണക്കിന് വരുന്ന അദ്ദേഹത്തിന്റെ ആരാധകര്‍ ഇപ്പോള്‍ ആകെ ആശങ്കയിലാണ്.

അര്‍ജന്റീന കപ്പടിച്ചാലും ഇല്ലങ്കിലും ആ ടീമിനെയും മെസ്സിയെയും സ്നേഹിക്കുന്നവരാണ് ഫുട്ബോള്‍ ആരാധകരില്‍ ഭൂരിപക്ഷവും. എന്തിനേറെ കഴിഞ്ഞ ലോകകപ്പ് മത്സരത്തിനിടെ അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് ഒരു ആരാധകന്‍ ആത്മഹത്യ ചെയ്തത് നമ്മുടെ ഈ കൊച്ചു കേരളത്തിലാണ്. വൈകാരികമായ ഒരു അടുപ്പം മറഡോണയുടെ കാലം മുതല്‍ അര്‍ജന്റീനയോട് ഫുട്ബോള്‍ പ്രേമികള്‍ക്കുണ്ട്. അതുകൊണ്ടു തന്നെ മെസ്സിക്കെതിരെ കടുത്ത നടപടികള്‍ പാടില്ലെന്ന വികാരവും ശക്തമാണ്.

രണ്ടര വര്‍ഷത്തെ വിലക്ക് വന്നാല്‍ 2020ല്‍ അര്‍ജന്റീന അതിഥേയത്വം വഹിക്കുന്ന കോപ അമേരിക്കയും ലോകകപ്പ് യോഗ്യതാ മത്സരങ്ങളും മെസ്സിക്ക് നഷ്ടമാവും. ഇത് മത്സരങ്ങളുടെ പകിട്ട് കുറക്കാനും പരസ്യവരുമാനത്തെ തന്നെ വലിയ രൂപത്തില്‍ ബാധിക്കാനും സാധ്യതയുണ്ട്. ഈ യാഥാര്‍ത്ഥ്യങ്ങള്‍ കൂടി ഉള്‍ക്കൊണ്ട് വേണം തീരുമാനമെന്ന നിലപാട് ഫിഫയിലെ ഒരു വിഭാഗം ഉയര്‍ത്തിയിട്ടുണ്ട്.

Express View

Top