ലാ ലിഗ ; പരിശീലനത്തിനായി മെസ്സിയടക്കമുള്ള താരങ്ങള്‍ മാസ്‌കും ഗ്ലൗസും ധരിച്ച് ഗ്രൗണ്ടില്‍

messi

മാഡ്രിഡ്: ലാ ലിഗ ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ജൂണില്‍ പുനരാരംഭിക്കാനിരിക്കേ ബാഴ്‌സലോണയിലെ സൂപ്പര്‍ താരങ്ങള്‍ ടീമില്‍ തിരിച്ചെത്തി.

പരിശീലനത്തിനും കൊറോണ വൈറസ് ടെസ്റ്റിനുമായാണ് താരങ്ങള്‍ ട്രെയ്‌നിങ് ഗ്രൗണ്ടില്‍ എത്തിയത്. ലയണല്‍ മെസ്സി അടക്കമുള്ള താരങ്ങള്‍ ഗ്ലൗസും മാസ്‌കും ധരിച്ചാണ് ഗ്രൗണ്ടിലെത്തിയത്. ഈ ചിത്രങ്ങള്‍ ബാഴ്‌സലോണ ട്വീറ്റ് ചെയ്തു.

ഈ ആഴ്ച്ച തന്നെ താരങ്ങളുടെ കൊറോണ ടെസ്റ്റ് നടക്കും. രണ്ടു മാസത്തെ ഇടവേളക്കുശേഷമാണ് താരങ്ങള്‍ വീണ്ടും കളിക്കളത്തിലെത്തുന്നത്. ബാഴ്‌സലോണ ഗോള്‍കീപ്പര്‍ ആന്ദ്രെ ടര്‍സ്റ്റീഗന്‍, സെര്‍ജി റോബര്‍ട്ടൊ, ഇവാന്‍ റാക്കിറ്റിച്ച് എന്നിവരാണ് ആദ്യം എത്തിയത്. തൊട്ടുപിന്നാലെ ഫ്രെങ്കി ഡി ജോങ്, നെല്‍സണ്‍ സെമെദൊ, ആര്‍തുര്‍, മാര്‍ട്ടിന്‍ബ്രാത് വെയ്റ്റും ഗ്രൗണ്ടിലെത്തി. തുടര്‍ന്ന് ലയണല്‍ മെസ്സിയും ലൂയി സുവാരസും അന്റോയ്ന്‍ ഗ്രീസ്മാനും വന്നു. ഈ ചിത്രങ്ങള്‍ നിരവധി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

മാര്‍ച്ച് 12-ന് ശേഷം ലാ ലിഗയില്‍ മത്സരങ്ങള്‍ നടന്നിട്ടില്ല. 11 റൗണ്ടുകളാണ് ഇനി ശേഷിക്കുന്നത്. നിലവില്‍ 27 മത്സരങ്ങളില്‍ 58 പോയിന്റുമായി ബാഴ്‌സലോണയാണ് ഒന്നാമത്. 56 പോയിന്റുമായി റയല്‍ മാഡ്രിഡ് തൊട്ടുപിന്നിലുണ്ട്. 47 പോയിന്റുള്ള സെവിയ്യയാണ് മൂന്നാമത്.

അതേസമയം, സ്‌പെയ്‌നില്‍ ഇതുവരെ കോവിഡ്-19 ബാധിച്ച് 25,857 ആളുകളാണ് മരിച്ചത്. 220000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 126000 പേര്‍ രോഗമുക്തരായി. മാഡ്രിഡില്‍ 8466 പേരും കാറ്റലോണിയയില്‍ 5345 പേരുമാണ് മരിച്ചത്.

Top