താരപ്പകിട്ട് വർദ്ധിപ്പിച്ച് ലയണൽ മെസ്സി, വിമർശിച്ച പെലെക്കും കിട്ടി നല്ല മറുപടി

ലോകത്ത് ഏറ്റവും അധികം ആരാധകര്‍ ഉള്ള താരമാണ് ലയണല്‍ മെസ്സി. അര്‍ജന്റീനക്ക് മറഡോണക്കു ശേഷം ലോകകപ്പ് നേടി കൊടുക്കാന്‍ കഴിയാത്തതൊന്നും മെസ്സിയുടെ ഈ താരപദവിക്ക് തടസ്സമായിട്ടില്ല. ഏറ്റവും കൂടുതല്‍ തവണ ലോക ഫുട്‌ബോളര്‍ പട്ടം നേടി എന്നത് മാത്രമല്ല, കേരളം ഉള്‍പ്പെടെ ലോകത്തെവിടെയും വന്‍ ആരാധക പടയെ സ്വന്തമാക്കാന്‍ കഴിഞ്ഞു എന്നത് കൂടിയാണ് മെസ്സിയുടെ പ്രധാന നേട്ടം.

കൊച്ചു കുട്ടികളെ മുതല്‍ പ്രായമായവരെ ഉള്‍പ്പെടെ ടെലിവിഷന് മുന്നില്‍ നിന്നും തുള്ളിച്ചാടിക്കാന്‍ കളിക്കളത്തിലെ ഈ മാന്ത്രിക കാലുകള്‍ക്ക് ഇപ്പോഴും കഴിയുന്നുണ്ട്.

മെസ്സിയുടെ അര്‍ജന്റീന ലോകകപ്പ് മത്സരത്തില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് ലോകത്ത് ഒരു ആരാധകന്‍ ആത്മഹത്യ ചെയ്തത് നമ്മുടെ കൊച്ചു കേരളത്തിലാണ്.

കോട്ടയം സ്വദേശിയായ ഡിനു അലക്‌സ് മെസ്സിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ മനം നൊന്താണ് ജീവനൊടുക്കിയത്. ലോകത്തെ ഫുട്‌ബോള്‍ ആരാധകരെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്.

കളിക്കളത്തില്‍ മാത്രമല്ല, ജീവിതത്തിലും മാന്യമായി മാത്രം പെരുമാറുന്ന മെസ്സിയുടെ എളിമ, അദ്ദേഹത്തിന്റെ ജനപ്രീതി വര്‍ദ്ധിപ്പിക്കാന്‍ പ്രധാന ഘടകമാണ്.

ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ പരിഹാസത്തിനും ഇപ്പോള്‍ ലാ ലിഗയില്‍ എസ്പാനിയോളിനെതിരായ മത്സരത്തിലൂടെ ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് മെസ്സി.

താനുമായി മെസ്സിയെ താരതമ്യം ചെയ്യരുതെന്നും അയാള്‍ മികച്ച താരമല്ലെന്നും ആയിരുന്നു പെലെയുടെ പ്രതികരണം.

ഇടങ്കാല്‍ വലങ്കാല്‍ വ്യത്യാസമില്ലാതെയും ഹെഡ്ഡറിലൂടെയും ഗോള്‍ നേടാന്‍ കഴിയുമെന്ന് തെളിയിച്ച താനുമായി താരതമ്യം ചെയ്യുന്നതില്‍ ആയിരുന്നു പെലെയുടെ പ്രകോപനം.

എന്നാല്‍, എസ്പാനിയോളിന്റെ ഹോം ഗ്രൗണ്ടില്‍ അവരുടെ പതിനായിരക്കണക്കിന് ആരാധകരെ സാക്ഷി നിര്‍ത്തി മെസ്സി പെലെക്ക് ചുട്ട മറുപടിയാണ് നല്‍കിയത്. തന്റെ പ്രതിഭക്ക് ഒരു പോറല്‍ പോലും ഏറ്റിട്ടില്ലെന്ന് തെളിയിച്ച മത്സരത്തില്‍ മെസ്സിയുടെ മനോഹരമായ രണ്ടു ഫ്രീ കിക്ക് ഉള്‍പ്പെടെ എതിരില്ലാത്ത നാലു ഗോളിനായിരുന്നു ബാഴ്‌സയുടെ ജയം.

17ാം മിനിറ്റില്‍ അസാമാന്യമായൊരു ഫ്രീ കിക്കിലൂടെ ബാഴ്‌സയെ മുന്നിലെത്തിച്ച മെസ്സി പിന്നീട് ഡെംബാലയുടെ ഗോളിന് വഴി ഒരുക്കുകയും ചെയ്തു.65ാം മിനിറ്റല്‍ 30 വാര അകലെ നിന്ന് ഫ്രീ കിക്കിലൂടെ മെസ്സിയുടെ രണ്ടാം ഗോളുമെത്തി. ഈ വിജയത്തോടെ 31 പോയിന്റുമായി ബാഴ്‌സ നിലവില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ലോകത്ത് കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഭ്രാന്തമായി മെസ്സിയെ സ്‌നേഹിക്കുന്ന കോടിക്കണക്കിന് ആളുകളുണ്ട്. അതില്‍ ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത് ഒരു കുട്ടിയെ കേന്ദ്രീകരിച്ചാണ്.

മെസ്സിയോടുള്ള ആരാധന മൂലം കൊല്ലപ്പെടുമെന്ന് ഭയന്ന് വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്ത കുട്ടിയും കുടുംബവുമാണ് ഇപ്പോള്‍ ലോക മാധ്യമങ്ങളില്‍ നിറയുന്നത്.

ഒരു താരത്തിനോടുള്ള ആരാധനയുടെ പേരില്‍ കുടുംബത്തോടെ നാടുവിടുന്ന സാഹചര്യം ലോകത്ത് തന്നെ പുതിയ ചരിത്രമാണ്.

ലയണല്‍ മെസ്സി ഒപ്പിട്ടു നല്‍കിയ ടീ ഷര്‍ട്ടണിഞ്ഞ് ലോകത്തിന്റെ ശ്രദ്ധ നേടിയ അഫ്ഗാന്‍ കുട്ടി മുര്‍ത്താസയും കുടുംബവുമാണ് ജീവനെ പേടിച്ച് ഇപ്പോള്‍ നാടു വിട്ടിരിക്കുന്നത്.

റഷ്യയില്‍ മെസ്സിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ തീവ്രവാദികള്‍ അദ്ദേഹത്തിന്റെ കുരുന്നു ആരാധകരെ പോലും വിടാതെ പിന്തുടരുന്ന കാഴ്ചയാണിത്.

അര്‍ധരാത്രി തൊട്ടരികെ വെടിയൊച്ചകള്‍ കേട്ടപ്പോള്‍ മുര്‍ത്താസയുടെ കുടുംബം ഓടി രക്ഷപ്പെടുകയായിരുന്നു. കാബൂളിലെ ഘസ്‌നി പ്രവിശ്യയിലാണ് ഏഴു വയസ്സുകാരനായ മുര്‍ത്താസയുടെ കുടുംബം താമസിച്ചിരുന്നത്. മുമ്പ് സമാധാനം നില നിന്ന ഈ മേഖലയില്‍ മുര്‍ത്താസ പ്രസിദ്ധനായതോടെയാണ് താലിബാന്‍ ഭീഷണി ഉയര്‍ത്തിയത്.

മെസ്സിയുടെ പത്താം നമ്പര്‍ കുപ്പായമിട്ടു നില്‍ക്കുന്ന മുര്‍ത്താസയുടെ ചിത്രം രണ്ടു വര്‍ഷം മുന്‍പ് മാധ്യമങ്ങളില്‍ വന്നിരുന്നു. ഇത് മെസ്സിയുടെ ശ്രദ്ധയിലും എത്തി. ദോഹയില്‍ വെച്ച് മെസ്സി അവനുമായി കണ്ടുമുട്ടി ഓട്ടോഗ്രാഫോടെ സ്വന്തം ജേഴ്‌സിയും നല്‍കി. മാത്രമല്ല യൂണിസെഫ് വഴി ആ കുടുംബത്തിന് സഹായം നല്‍കുകയും ചെയ്തു. ഇത് വലിയ വാര്‍ത്ത ആയതോടെ തീവ്രവാദികള്‍ ഭീഷണിയുമായി രംഗത്ത് വരികയായിരുന്നു.

മുര്‍ത്താസയെ തീവ്രവാദികള്‍ അന്വേഷിക്കുന്നു എന്ന വിവരം അറിഞ്ഞതോടെയാണ് കുടുംബം നാടുവിട്ടത്.ഈ മേഖലയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ നൂറുകണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്.

തനിക്ക് വീടും നാടും നഷ്ടമായതിലല്ല മെസ്സി ഒപ്പിട്ടു നല്‍കിയ ജേഴ്‌സി നഷ്ടപ്പെട്ടതിലാണ് ആ കുഞ്ഞു ആരാധകന്റെ ഇപ്പോഴത്തെ ദു:ഖം.

മരണത്തെ അതിജീവിച്ചാണ് ഫുട്‌ബോള്‍ രംഗത്തേക്ക് കുഞ്ഞുമെസ്സി കാലെടുത്ത് വച്ചത്.ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്ന് ഡോക്ടര്‍മാര്‍ പോലും വിധിയെഴുതിയപ്പോള്‍ ആ വിധിയെഴുത്ത് പൊളിച്ചെഴുതി വിദഗ്ദ ചികിത്സക്ക് മെസ്സിയെ ഏറ്റെടുത്തത് ബാഴ്‌സലോണ ക്ലബ് ആണ്.

സ്വന്തം ജീവന്‍ തിരിച്ചു നല്‍കിയ ആ ടീമിനോടുള്ള കടപ്പാടാണ് വലിയ ഓഫറുകളുമായി മറ്റു ടീമുകള്‍ വരുമ്പോഴും തിരസ്‌കരിക്കാന്‍ മെസ്സിയെ പ്രേരിപ്പിക്കുന്നത്. വിപ്ലവ നക്ഷത്രം ചെഗുവേര പിറന്ന റൊസാരിയോയില്‍ 1987 ല്‍ ആയിരുന്നു മെസ്സിയും ജനിച്ചത്.

21 ആം വയസ്സില്‍ യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍, ഫിഫ ലോക ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ എന്നീ പുരസ്‌കാരങ്ങള്‍ക്കായി നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും 22 ആം വയസ്സില്‍ അവ രണ്ടും കരസ്ഥമാക്കുകയും ചെയ്തു. 5 തവണ ബാലണ്‍ ഡി ഓര്‍ ബഹുമതി നേടുന്ന ആദ്യ കളിക്കാരനാണ് മെസ്സി.

Top