വിശ്വരൂപം പുറത്തെടുത്ത് വീണ്ടും മെസ്സി, ആവേശത്തില്‍ ആറാടി ആരാധകര്‍ . . .

ലോകകപ്പ് കൈവിട്ടെങ്കിലും മറ്റൊരു പ്രധാന അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരമായ കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്റീനയ്ക്ക് വന്‍ പ്രതീക്ഷ.

സൂപ്പര്‍ താരം മെസ്സി ശക്തമായി വിശ്വരൂപം പുറത്തെടുത്തതാണ് അര്‍ജന്റീനയുടെ ലോകമെങ്ങും ഉള്ള കോടിക്കണക്കിന് ആരാധകര്‍ക്ക് പ്രതീക്ഷക്ക് വക നല്‍കുന്നത്.

ലാ ലിഗയില്‍ ലയണല്‍ മെസ്സിയുടെ 33-ാം ഹാട്രിക്കില്‍ റയല്‍ ബെറ്റിസിനെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ബാഴ്‌സ തോല്‍പ്പിച്ചത്.

മെസ്സിയോടൊപ്പം ഒരു ഗോളും ഒരു അസിസ്റ്റുമായി ലൂയിസ് സുവാരസും ആരാധകരുടെ മനം നിറച്ചു. ഈ തകര്‍പ്പന്‍ വിജയത്തോടെ ലാ ലിഗ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനേക്കാള്‍ 10 പോയന്റിന്റെ ലീഡ് നേടാന്‍ സാധിച്ചതും ബാഴ്‌സയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതാണ്. 82-ാം മിനിറ്റില്‍ ലോറന്‍ മോറോന്റെ ബൂട്ടില്‍ നിന്നായിരുന്നു ബെറ്റിസിന്റെ ആശ്വാസ ഗോള്‍.

ബെറ്റിസിന്റെ സ്വന്തം മൈതാനത്ത് തുടക്കം മുതലേ ആധിപത്യം നേടാന്‍ മെസ്സിയ്ക്കും കൂട്ടര്‍ക്കുമായി. നവംബറില്‍ നൗകാമ്പില്‍ ബെറ്റിസിനോടേറ്റ 3-4ന്റെ തോല്‍വിക്ക് പലിശ സഹിതമുള്ള കണക്കുതീര്‍ക്കലാണ് ബാഴ്‌സയ്ക്ക് ഈ ജയം.

കളിയുടെ ആദ്യ 20 മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ബാഴ്‌സ മുന്നിലെത്തി. ആര്‍തറിനെ ബോക്‌സിന് വെളിയില്‍ വീഴ്ത്തിയതിന് ബാഴ്‌സയ്ക്കനുകൂലമായ ഫ്രീക്ക്. 20 വാരയകലെ നിന്ന് മെസ്സി തൊടുത്ത പന്ത് വളഞ്ഞൊടിഞ്ഞ് വലയിലേക്ക് വീണത് ഗാലറി ശ്വാസമടക്കി കണ്ടു നിന്നു. എതിര്‍ ടീമിനും അവരോടൊപ്പം നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ.

രണ്ടാംപകുതിക്ക് പിരിയുംമുമ്പേ മെസ്സി രണ്ടാം ഗോള്‍ നേടി. ഇത്തവണ ഗോളിനേക്കാള്‍ ഒരുപടി മുന്നില്‍ നിന്നത് സുവാരസിന്റെ പാസായിരുന്നു.

ഇടവേള കഴിഞ്ഞ് ബെറ്റിസ് കൂടുതല്‍ കരുത്ത് കാട്ടി ഗോളിനായി കുതിച്ചു. എന്നാല്‍, പ്രത്യാക്രമണത്തിലൂടെ സുവാരസ് കളം നിറഞ്ഞു. കളിയവസാനം മറ്റൊരു മനോഹര ഗോളിലൂടെ മെസ്സി ഹാട്രിക് തികയ്ക്കുകയായിരുന്നു.

കളിജീവിതത്തിലെ മെസ്സിയുടെ 51-ാം ഹാട്രിക്കാണിത്. ബാഴ്‌സയുടെ മൈതാനമായ നൗകാമ്പിലല്ല, ബെറ്റിസിന്റെ ബെനിറ്റോ വില്ലാമറിന്‍ സ്‌റ്റേഡിയത്തിലാണ് ഈ നേട്ടം. ബാഴ്‌സ ജേഴ്‌സിയില്‍ മെസ്സിയുടെ 674-ാം മത്സരമായിരുന്നു റയല്‍ ബെറ്റിസിനെതിരെ കളിച്ചത്. സ്പാനിഷ് ലീഗില്‍ ഇതുവരെ 26 മത്സരങ്ങള്‍ കളിച്ച മെസ്സി 29 ഗോളുകളും 14 ഗോളവസരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

കാല്‍പ്പന്തുകളിയില്‍ ഇതിഹാസമാകാന്‍ ജനിച്ച ആളാണ് ലയണല്‍ മെസ്സി. മരണത്തെ അതിജീവിച്ചാണ് മെസ്സി മൈതാനത്ത് ചുവടുറപ്പിച്ചത്. ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്ന് ഡോക്ടര്‍മാര്‍ പോലും വിധിയെഴുതിയപ്പോള്‍ ആ വിധിയെഴുത്ത് പൊളിച്ചെഴുതി വിദഗ്ദ ചികിത്സക്ക് മെസ്സിയെ ഏറ്റെടുത്തത് ബാഴ്‌സലോണ ക്ലബ് ആണ്.

സ്വന്തം ജീവന്‍ തിരിച്ചു നല്‍കിയ ആ ടീമിനോടുള്ള കടപ്പാടാണ് വലിയ ഓഫറുകളുമായി മറ്റു ടീമുകള്‍ വരുമ്പോഴും തിരസ്‌കരിക്കാന്‍ മെസ്സിയെ പ്രേരിപ്പിക്കുന്നത്. വിപ്ലവ നക്ഷത്രം ചെഗുവേര പിറന്ന റൊസാരിയോയില്‍ 1987 ല്‍ ആയിരുന്നു മെസ്സിയും ജനിച്ചത്.

21 ആം വയസ്സില്‍ യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍, ഫിഫ ലോക ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ എന്നീ പുരസ്‌കാരങ്ങള്‍ക്കായി നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും 22 ആം വയസ്സില്‍ അവ രണ്ടും കരസ്ഥമാക്കുകയും ചെയ്തു. 5 തവണ ബാലണ്‍ ഡി ഓര്‍ ബഹുമതി നേടുന്ന ആദ്യ കളിക്കാരനാണ് മെസ്സി.

ഏപ്രില്‍ 11ന് നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നേരിടാനും ലാലിഗയിലെ വിജയം ബാഴ്‌സലോണയ്ക്ക് വലിയ പ്രചോദനമാകും. മാഞ്ചെസ്റ്റര്‍ യുണൈറ്റഡാണ് ബാഴ്‌സയുടെ എതിരാളികള്‍. പിഎസ്ജിയ്‌ക്കെതിരെ തകര്‍പ്പന്‍ തിരിച്ചു വരവ് നടത്തിയാണ് മാഞ്ചസ്റ്റര്‍ ക്വാര്‍ട്ടറില്‍ എത്തുന്നത്. ഓള്‍ഡ് ട്രഫോര്‍ഡില്‍ 2-0ന് തോല്‍വി വഴങ്ങിയതിന് ശേഷമാണ് പിഎസ്ജി തട്ടകത്തില്‍ പോയി അവരെ തച്ചു തകര്‍ത്ത് യുണൈറ്റഡ് ക്വാര്‍ട്ടറിലേയ്ക്ക് കുതിച്ചത്. അതേസമയം, ചാമ്പ്യന്‍സ് ലീഗില്‍ പ്രീമിയര്‍ ക്ലബ്ബുകള്‍ക്കെതിരെ 22 ഗോളുകളാണ് മെസ്സി അടിച്ചു കൂട്ടിയത്. ഈ നേട്ടത്തില്‍ മെസ്സിയെ വെല്ലാന്‍ ലോകത്ത് ആരും തന്നെയില്ല. ലാലിഗയിലെ നേട്ടം കൂടിയാകുമ്പോള്‍ ബാഴ്‌സയും ആരാധകരും അതിരില്ലാത്ത ആത്മവിശ്വാസത്തിലാണ്.

1993-ന് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളില്‍ അര്‍ജന്റീനയ്ക്ക് കപ്പടിക്കാന്‍ സാധിക്കാത്തത് ഇത്തവണത്തെ കോപ്പ അമേരിക്കയിലൂടെ മാറിമറിയുമെന്നാണ് മെസ്സി ആരാധകരുടെ പ്രതീക്ഷ. മരണ ഗ്രൂപ്പായ ബിയില്‍ ആത്മവിശ്വാസത്തോടെ കളം നിറയാന്‍ മെസ്സിയുടെ ഇപ്പോഴത്തെ പ്രകടനങ്ങള്‍ക്ക് സാധിക്കും. കൊളംബിയ്‌ക്കെതിരെയാണ് അര്‍ജന്റീനയുടെ ആദ്യ കളി.

Top