സ്പെയിനിന് സഹായഹസ്തവുമായി മെസ്സിയും ഗ്വാര്‍ഡിയോളയും; വന്‍ തുക സഹായം

മാഡ്രിഡ്: കൊറോണ വൈറസ് എന്ന മഹാമാരി 186 ഓളം രാജ്യങ്ങളിലേയ്ക്ക് പടര്‍ന്ന് ഇതിനകം 18000ത്തോളം പേരുടെ ജീവനെടുത്തു. ലോകത്തെ വന്‍ സാമ്പത്തിക ശക്തികളടക്കം ഇപ്പോള്‍ കൊറോണയില്‍ മുങ്ങി കഴിഞ്ഞു.യൂറോപ്പില്‍ കൊറോണ ഏറ്റവും കൂടുതല്‍ നാശം വിതച്ച രാജ്യങ്ങളിലൊന്നാണ് സ്‌പെയിന്‍. ഇതുവരെ 42000ത്തിലേറെ പേര്‍ രോഗ ബാധിതരായപ്പോള്‍ 2,991 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇപ്പോഴിതാ സ്പെയിനിന് സഹായഹസ്തവുമായി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ അര്‍ജന്റീന താരം ലയണല്‍ മെസ്സിയും മാഞ്ചെസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗ്വാര്‍ഡിയോളയും രംഗത്തെത്തിയിരിക്കുകയാണ്.

കൊറോണയ്‌ക്കെതിരെ പൊരുതുന്ന സ്പെയിനിലെ ആശുപത്രികള്‍ക്ക് ഒരു മില്യണ്‍ യൂറോ വീതമുള്ള ഇരുവരുടെയും സഹായം.ബാഴ്സലോണയിലെ ഹോസ്പിറ്റല്‍ ക്ലിനിക്കിനും സ്വദേശമായ അര്‍ജന്റീനയിലെ റൊസാരിയോയിലെ ആശുപത്രിക്കുമാണ് മെസ്സി സാമ്പത്തിക സഹായം നല്‍കുന്നത്. മെസിയുടെ സഹായം ലഭിച്ചതായി ആശുപത്രി അധികൃതര്‍ ട്വിറ്ററില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കാറ്റലോണിയ പ്രദേശത്തെ ആശുപത്രികള്‍ക്കാണ് ഗ്വാര്‍ഡിയോള സഹായം നല്‍കുന്നത്. സ്പെയിനിലെ വടക്കുകിഴക്കന്‍ പ്രദേശമായ ഇവിടെ 8,000 ഓളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളളത്.ഇവിടെ ഇരുന്നൂറോളം മരണങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

Top