links to Hezbollah : 60 lebanese expelled from Kuwait

കുവൈത്ത്: കുവൈത്തില്‍ ജോലി ചെയ്യുന്ന 60 ലെബനന്‍ പൗരന്മാരുടെ താമസാനുമതി ആഭ്യന്തരമന്ത്രാലയം അസാധുവാക്കി. ഷിയാ സായുധ വിഭാഗമായ ഹിസ്ബുള്ളയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 60 ദിവസത്തിനുള്ളില്‍ രാജ്യം വിടണമെന്നു ഇവര്‍ക്ക് അന്ത്യശാസനം നല്കിയിട്ടുമുണ്ട്.

ലെബനന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷിയാ അനുകൂല സായുധ സംഘമായ ഹിസ്ബുള്ളയെ ഗള്‍ഫ് സഹകരണ കൌണ്‍സിലും അറബ് ലീഗും ലീഗും ഭീകര സംഘടനയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് കുവൈത്ത് ലെബനന്‍ 60 പൗരന്മാരുടെ താമസാനുമതി റദ്ദാക്കിയത്. ഹിസ്ബുള്ള ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്നവര്‍, സംഘത്തിനു സാമ്പത്തിക സഹായം നല്‍കുന്നവര്‍, സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും സംഘടനക്കനുകൂലമായി വാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ എന്നിവരെയെല്ലാം തെരഞ്ഞു പിടിച്ചു പുറത്താക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പദ്ധതി. 60 പേരുടെ ഇഖാമ അസാധുവാക്കിയ താമസ കുടിയേറ്റ വകുപ്പ് ജോലി സംബന്ധിയായ സാമ്പത്തിക ഇടപാടുകളും മറ്റും പൂര്‍ത്തിയാക്കുന്നതിനായി 2 മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനുള്ളില്‍ രാജ്യം വിടാത്തവരെ പിടികൂടി നാടുകടത്തും.

തീവ്രവാദികള്‍ക്കെതിരെയുള്ള നടപടി അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരോട് മാത്രമായിരിക്കില്ലെന്ന് അമേരിക്കന്‍ പൌരനെതിരെ നടപടി സ്വീകരിച്ച കാര്യം ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയം പാസ്‌പോര്‍ട്ട് വിഭാഗം മേധാവി ശിഖ് മാസിന്‍ അല്‍ ജറാഹ് പറഞ്ഞു. പൊതുസമൂഹത്തിനു ദോഷമുണ്ടാക്കുന്ന ഒരു തത്വശാസ്ത്രത്തെയും കുവൈത്ത് മണ്ണില്‍ വളരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിസ്ബുള്ള ബന്ധത്തിന്റെ പേരില്‍ 1100 അറബ് പൗരന്മാരെ നേരത്തെ കുവൈത്ത് കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. സിറിയ, ലെബനന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുറമേ ഏതാനും ജിസിസി പൌരന്മാരും പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ഹിസ്ബുള്ള അനുകൂലികള്‍ക്ക് ഇഖാമ പുതുക്കി നല്‍കരുതെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് മുഹമ്മദ് ഖാലിദ് അല്‍ സബാഹ് എമിഗ്രേഷന്‍ ജവാസാത്ത് വിഭാഗങ്ങള്‍ക്ക് നേരത്തെ കര്‍ശന നിര്‍ദേശം നല്കിയിരുന്നു.

Top