ലിംഗായത്ത് സന്യാസി പോക്‌സോ കേസിൽ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ലിംഗായത്ത് മഠാധിപതി ശിവമൂർത്തി മുരുഗ ശരണരു അറസ്റ്റിൽ. മുരുഗയെ വൈദ്യ പരിശോധനയ്ക്ക് ശേഷം ചത്രദുർഗ കോടതിയിൽ ഹാജരാക്കിയിരുന്നു. പോക്‌സോ വകുപ്പ് ചുമത്തിയാണ് മൈസൂരു സിറ്റി പോലീസിന്റെ നടപടി. പിന്നാലെ പ്രതിയുടെ അറസ്റ്റ് വൈകുന്നതിനെതിരെ സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. ഇദ്ദേഹത്തെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. ചിത്രദുർഗയിലെ ഒരു പ്രമുഖ ലിംഗായത്ത് മഠത്തിന്റെ മുഖ്യ മഠാധിപതിയാണ് ശിവമൂർത്തി മുരുഘ ശരണാരു. ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഹോസ്റ്റൽ വാർഡൻ രശ്മിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മഠം നടത്തുന്ന സ്‌കൂളിലെ വിദ്യാർഥിനികളാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ നൽകിയ പരാതിയിൽ മഠാധിപതിക്കെതിരെ കേസെടുക്കുകയായിരുന്നു. മുരുഗ ശരണഗുരു കൂടാതെ മഠത്തിലെ വാർഡൻ ഉൾപ്പെടെ അഞ്ച് പേർ കേസിൽ പ്രതികളാണ്.

നേരത്തെ മഠം നടത്തുന്ന സ്‌കൂൾ ഹോസ്റ്റലിലെ ചീഫ് വാർഡനെ കർണാടക പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 15ഉം 16ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളെ മൂന്നര വർഷത്തിലേറെയായി മഠാധിപതി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ജൂലൈ 24 ന് ഹോസ്റ്റൽ വിട്ടിറങ്ങിയ കുട്ടികളെ ജൂലൈ 25 ന് കണ്ടെത്തി. പിന്നാലെ ആഗസ്റ്റ് 26 ന് മൈസൂരിലെ നസർബാദ് പോലീസ് സ്റ്റേഷനിൽ മഠാധിപതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ പരാതി തനിക്കെതിരെയുള്ള ദീർഘകാല ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് പ്രതിയുടെ വാദം.
മഠത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും മുൻ എം.എൽ.എയുമായ എസ്.കെ. ബസവരാജനാണ് ഗൂഢാലോചനക്ക് പിന്നിലെന്ന് മുരുകമഠം ഉപദേശക സമിതി അംഗം എൻ.ബി.വിശ്വനാഥ് നേരത്തെ ആരോപിച്ചിരുന്നു. ലിംഗായത്ത് മഠത്തിലെ ഒരു ജീവനക്കാരിയെന്ന് പറയപ്പെടുന്ന സ്ത്രീയുടെ പരാതിയിൽ ബസവരാജനെതിരെ ലൈംഗികാതിക്രമത്തിനും തട്ടിക്കൊണ്ടുപോകലിനും കേസെടുത്തിരുന്നു.

Top