ട്വിറ്റർ സിഇഒ എന്ന നിലക്കുള്ള പുതിയ യാത്രയിൽ പ്രചോദനം മസ്ക്കെന്ന് ലിൻഡ യാക്കാരിനോ

ന്യൂയോര്‍ക്ക്: പുതിയ ഭാവി സൃഷ്ടിക്കുന്നതിൽ ഇലോൺ മസ്കിൽ നിന്നാണ് താൻ പ്രചോദിതയായതെന്ന് പുതിയ ട്വിറ്റർ സിഇഒ ആയി നിശ്ചയിക്കപ്പെട്ട ലിൻഡ യാക്കാരിനോ ട്വിറ്റ് ചെയ്തു. ട്വിറ്ററിന്റെ അടുത്ത സിഇഒ ആകാനുള്ള ചർച്ചകൾ നടക്കുന്നുവെന്ന വാർത്ത വ്യാഴാഴ്ച പുറത്തുവന്നതിന് ശേഷം ഇതാദ്യമായാണ് യാക്കാരിനോ പരസ്യമായി സംസാരിക്കുന്നത്.

കഴിഞ്ഞ ഒക്ടോബറിൽ ട്വിറ്റർ 44 ബില്യൺ ഡോളർ വാങ്ങിയതിനുശേഷം പുതിയ സിഇഒയെ കണ്ടെത്തി എന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് നടത്തിയത്. ട്വിറ്ററിന്റെ ഭാവി ഭദ്രമാക്കാൻ താൻ പ്രതിജ്ഞാബദ്ധയാണെന്നും ട്വിറ്റർ 2.0 നിർമ്മിക്കുന്നതിന് ഉപയോക്തൃ ഫീഡ്‌ബാക്ക് അത്യന്താപേക്ഷിതമാണെന്നും അവര്‌‍ പറഞ്ഞു. പരസ്യ വരുമാനത്തിൽ വലിയ ഇടിവ് സംഭവിച്ച, കനത്ത കടബാധ്യതകള്‌‍ക്കൊപ്പം വെല്ലുവിളികൾ നേരിടുന്നതുമായ പ്ലാറ്റ്ഫോമാണ് യാക്കാരിനോ ഏറ്റെടുക്കുന്നത്.

എൻബിസി യൂണിവേഴ്‌സൽ അഡ്വർട്ടൈസിങ് മേധാവിയായ ലിൻഡ യക്കാരിനോയെ സിഇഒ സ്ഥാനത്തേക്കു കൊണ്ടുവരാനുള്ള ചർച്ചകൾ നടക്കുന്നതായി വാൾ സ്ട്രീറ്റ് ജേണലാണ് റിപ്പോർട്ട് ചെയ്തത്. നേരത്തെ സിഇഒ സ്ഥാനമൊഴിയാനുള്ള സന്നദ്ധത മസ്ക് പ്രകടിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് ഉപയോക്താക്കളുടെ അഭിപ്രായമറിയാനായി പോളും നടത്തിയിരുന്നു. മസ്ക് ട്വിറ്റർ സിഇഒ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടവരാണ് ഭൂരിഭാഗവും.

ഇതിനു പിന്നാലെയാണ് സിഇഒ സ്ഥാനത്തിന് പറ്റിയ ആളെ കിട്ടിയാൽ സ്ഥാനമൊഴിയുമെന്ന് മസ്ക് പ്രഖ്യാപിച്ചത്. സ്ഥാനമൊഴിഞ്ഞാലും ട്വിറ്ററിന്റെ പ്രവർത്തനത്തിൽ എലോൺ മസ്‌ക് തുടർന്നും ഇടപെടുമോ എന്ന കാര്യത്തിൽ പല അഭിപ്രായങ്ങളും ഉയരുന്നുണ്ട്. 2011 മുതൽ എൻബിസി യൂണിവേഴ്‌സലിൽ ജോലി ചെയ്യുന്ന ആളാണ് ലിൻഡ യക്കരിനോ.

ലിങ്ക്ഡ്ഇൻ പ്രൊഫൈലിലെ വിവരം അനുസരിച്ച് ഗ്ലോബൽ അഡൈ്വർട്ടൈസിങ് ആന്റ് പാർട്ണർഷിപ്പ് ചെയർമാനാണ് ലിൻഡ. മുമ്പ് എൻബിസിയുടെ കേബിൾ എന്റർടെയ്ൻമെന്റിന്റെയും ഡിജിറ്റൽ അഡ്വർട്ടൈസിങ് സെയിൽസ് ഡിവിഷന്റെയും മേധാവിയായിരുന്നു. എൻബിസിയ്ക്ക് മുമ്പ് ടേണർ എന്റർടെയ്ൻമെന്റിലായിരുന്നു ലിൻഡ.

Top