രാഹുൽ ഗാന്ധിയെ പോലെ മുഖ്യമന്ത്രിയേയും കേന്ദ്ര ഏജൻസികളെ കൊണ്ട് കുടുക്കാനാണ് പ്രതിപക്ഷ നീക്കം

രാഹുൽ ഗാന്ധിയെ കേന്ദ്ര ഏജൻസിയെ കൊണ്ട് ചോദ്യം ചെയ്യിപ്പിച്ചത് പോലെ പിണറായി വിജയനെയും ചോദ്യം ചെയ്യിപ്പിക്കാനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്ന് ടി എം തോമസ് ഐസക്. ഇടതുപക്ഷത്തിനെതിരെ യുദ്ധ സന്നാഹമൊരുക്കുകയാണ് ഇരുമുന്നണികളും. കേരളത്തെ സാമ്പത്തികമായി ഞെക്കി ഞെരുക്കുകയാണ് എന്നും തോമസ് ഐസക് ആരോപിച്ചു.

കോൺഗ്രസ് നശിച്ച് കാണണമെന്ന ആഗ്രഹം ഇടതുപക്ഷത്തിനില്ല. പക്ഷേ നല്ല പ്രതിപക്ഷമാകാൻ അവർക്ക് കഴിയണം. അതുപോലെ ബിജെപിയെ എന്ത് വില കൊടുത്തും എതിർക്കുക തന്നെ ചെയ്യും. കൊവിഡ് വൈറസിനെ കേരളം പ്രതിരോധിച്ചത് പോലെ ബിജെപി വൈറസിനെയും കേരളം പ്രതിരോധിക്കും. അവരെ ഉയർന്ന് വരാൻ ഒരിക്കലും അനുവദിക്കില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി.

അതേസമയം, ഇന്ന് നിയമസഭയില്‍ ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ ചൂടേറിയ വാക്പോരാണ് അരങ്ങേറിയത്. സ്വർണ്ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തുവന്നു. സോളാര്‍ കേസില്‍ സരിതയുടെ പരാതിയില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് പോലെ സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലില്‍ സിബിഐ അന്വേഷണം നടത്താന്‍ സര്‍ക്കാരിന് ധൈര്യമുണ്ടോ എന്ന് സതീശന്‍ ചോദിച്ചു. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസില്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top