Like Modi, next US President should outline economic growth plan: Cisco chairman

ന്യൂയോര്‍ക്ക്: സാമ്പത്തിക വികസന പദ്ധതിയുടെ കാര്യത്തില്‍ അടുത്ത അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാതൃകയാക്കണമെന്ന് അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ സിസ്‌കോയുടെ ചെയര്‍മാന്‍ ജോണ്‍ ചേംബേഴ്‌സ്. മേക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ പദ്ധതികള്‍ ചൂണ്ടിക്കാണിച്ചാണ് ചേമ്പേഴ്‌സ് മോദിയെ പുകഴ്ത്തിയത്.

അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പദ്ധതി തയ്യാറാക്കുന്നതിന് മോദിയുടെ നയങ്ങള്‍ കണ്ട് പഠിക്കാം എന്ന് ജോണ്‍ ചേമ്പേഴ്‌സ് അഭിപ്രായപ്പെട്ടു.

ഇപ്പോഴത്തെ നില വച്ച് നോക്കിയാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് ആവാനാണ് സാദ്ധ്യതയെന്നും ജോണ്‍ ചേമ്പേഴ്‌സ് അഭിപ്രായപ്പെട്ടു. ആര് പ്രസിഡന്റായാലും ശരി, ഇന്ത്യയില്‍ മോദി ചെയ്യുന്ന മാതൃകയില്‍ സാങ്കേതിക വിദ്യ പരമാവധി വിപുലപ്പെടുത്തിക്കൊണ്ടും തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചുമാണ് മുന്നോട്ട് പോകേണ്ടത്.

രാജ്യത്തെ എങ്ങനെ മാറ്റാം എന്നതിനെക്കുറിച്ചാണ് മോദിയെ പോലെ അമേരിക്കന്‍ നേതാക്കളും സംസാരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യേണ്ടത്. ജൂണ്‍ ഏഴ്, എട്ട് തീയതികളില്‍ അമേരിക്ക സന്ദര്‍ശിക്കുന്ന മോദി യു.എസ് കോണ്‍ഗ്രസില്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി സംബന്ധിച്ചും ഇന്ത്യ ലക്ഷ്യമിടുന്ന സാമ്പത്തിക വളര്‍ച്ചാ നിരക്ക് സംബന്ധിച്ചും വിശദമായി സംസാരിക്കുമെന്നും സിസ്‌കോ ചെയര്‍മാന്‍ പറഞ്ഞു.

Top