വാഹനമോഷണക്കേസില്‍ ലിജോ സ്ട്രീറ്റ് റൈഡര്‍ അറസ്റ്റില്‍; ‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ പെണ്‍കുട്ടിയെ അസഭ്യം പറഞ്ഞ കേസിലും പ്രതി

ആലപ്പുഴ: വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് വാഹനം മോഷണങ്ങള്‍ നടത്തിയ യുവാവ് പുന്നപ്ര പൊലീസിന്റെ പിടിയില്‍. കൊല്ലം മൈനാഗപ്പള്ളി കടപ്പതടത്തില്‍ പുത്തന്‍വീട്ടില്‍ ജോയിയുടെ മകന്‍ ലിജോയെയാണ് അറസ്റ്റ് ചെയ്തത്. 13-ാം തീയതി കായംകുളം റെയില്‍വേ സ്റ്റേഷന്‍, അടൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ലിജോ ബൈക്ക് മോഷ്ടിച്ചത്. കായംകുളത്ത് നിന്ന് മോഷ്ടിച്ച ബൈക്ക് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച്, അവിടെ നിന്ന് മറ്റൊരു ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിടെയാണ് ലിജോ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ലിജോയെ റിമാന്‍ഡ് ചെയ്തു.

ഇന്‍സ്റ്റാഗ്രാമിലൂടെ ‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ എന്ന് അറിയപ്പെടുന്ന പെണ്‍കുട്ടിയെ അസഭ്യം പറഞ്ഞെന്ന കേസിലും ലിജോയെ പിടികൂടിയിരുന്നു. ഈ തെറിവിളി വീഡിയോ പോസ്റ്റ് ചെയ്തതിന് ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം മെയ് അഞ്ചിനാണ് പെണ്‍കുട്ടിയെ അധിക്ഷേപിച്ച കേസില്‍ ലിജോയെ പിടികൂടിയത്. കര്‍ണാടകയിലെ ഹൊസൂരില്‍ നിന്ന് ചടയമംഗലം പൊലീസാണ് ലിജോയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ എത്തിക്കുന്നതിന്റെ വീഡിയോ കേരള പൊലീസ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ‘ഹൊസ്സൂരല്ല, നീ എങ്ക പോയ് ഒളിച്ചാലും ഉന്നൈ വിടമാട്ടേ കണ്ണാ…’ എന്ന തലക്കെട്ടിലാണ് പൊലീസ് വീഡിയോ പങ്കുവച്ചത്. ലിജോ സ്ട്രീറ്റ് റൈഡര്‍ 46 എന്ന പേരിലാണ് യുവാവ് സോഷ്യല്‍മീഡിയയില്‍ അറിയപ്പെടുന്നത്.

Top