പ്രളയഭീതിയില്‍ വനത്തില്‍ കുടിലുകെട്ടി ആദിവാസി വിഭാഗങ്ങളുടെ മിന്നല്‍സമരം

നിലമ്പൂര്‍: പ്രളയ ഭീതിയില്‍ വീടുകള്‍ ഉപേക്ഷിച്ച് ആദിവാസി വിഭാഗങ്ങള്‍ വനത്തില്‍ കുടിലുകെട്ടി മിന്നല്‍ സമരം നടത്തി. മൂത്തേടം പൂളക്കപ്പാറ കോളനിയിലെ കാട്ടുനായ്ക്ക വിഭാഗത്തില്‍ പെട്ട 10 കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളുമടക്കം 80തോളം പേരാണ് പൂളക്കപ്പാറ വനം സ്റ്റേഷന് സമീപം ഇന്ന് രാവിലെ പത്തോടെ കാട്ടില്‍ കുടിലുകെട്ടി കെട്ടി താമസിക്കാനെത്തിയത്.

പ്ലാസ്റ്റിക് ഷീറ്റ് വലിച്ച് കെട്ടി ആദ്യ ഷെഡുണ്ടാക്കിയപ്പോഴേക്കും വനപാലകരെത്തി തടഞ്ഞിരുന്നു. നെല്ലിക്കുത്ത് ഈങ്ങാറ് തോട്ടിന്‍കരയിലുള്ള കോളനിയില്‍ മഴക്കാലമായാല്‍ വെള്ളം കയറുക പതിവാണ്.

കോളനിയില്‍ വെള്ളം കയറി ആദിവാസികളുടെ വസ്ത്രങ്ങളും വീട്ടുപകരണങ്ങളുമെല്ലാം നശിക്കുന്നത് പതിവാണ്. പിന്നെ ആഴ്ചകളോളം ദുരിതാശ്വാസ ക്യാമ്പില്‍ ദുരിതജീവിതമാണ്. കഴിഞ്ഞ നാല് ദിവസമായി ഇവിടുത്തെ കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു.

ക്യാമ്പില്‍ നിന്നും തിരിച്ചെത്തിയ കുടുംബങ്ങളാണ് കാട്ടില്‍ കുടിലുകെട്ടി താമസിക്കാനായി ഒത്തുകൂടിയത്. വനാവകാശ നിയമപ്രകാരം തങ്ങള്‍ക്ക് താമസിക്കാന്‍സുരക്ഷിതമായ വനഭൂമി നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. ഷെഡില്‍ കഞ്ഞിവെച്ച് കുടിച്ച് ഇവര്‍ ഇവിടെ നിന്നും മാറാന്‍ കൂട്ടാക്കിയില്ല.

വനപാലകരും പോലീസും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഇവര്‍ വഴങ്ങിയില്ല. പ്രളയ ഭീഷണിയില്ലാത്ത സ്ഥലത്ത് ആദിവാസികളെ പുനരധിവസിപ്പിക്കണമെന്ന് ആദിവാസികള്‍ക്ക് പിന്തുണയുമായി എത്തിയ സംസ്‌ക്കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് ആവശ്യപ്പെട്ടു.

നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ, കരുളായി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട ശേഷം നാളെ ചര്‍ച്ച നടത്താമെന്ന ഉറപ്പിലാണ് വൈകീട്ട് അഞ്ചോടെ ആദിവാസികള്‍ പിന്‍മാറിയത്.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി. ഉസ്മാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഒപ്പമുണ്ടായിരുന്നു. എം.ആര്‍ ചിത്ര, കെ.ജി ബിനു, എം.രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആദിവാസി ഐക്യവേദി, ആദിവാസി ഫോറം, ദലിത് ഫോറം എന്നീ സംഘടനനേതാക്കളും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

Top