കാസര്‍കോടും മിന്നല്‍ ചുഴലി; വ്യാപക നാശനഷ്ടം

കാസര്‍കോട്: മാന്യയില്‍ മിന്നല്‍ ചുഴലിക്കാറ്റില്‍ വന്‍നാശ നഷ്ടം. 150 ഓളം മരങ്ങള്‍ കടപുഴകി വീണു. അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു. വ്യാപകമായ കൃഷി നാശവുമുണ്ടായി. ഇന്ന് പുലര്‍ച്ചെയാണ് മാന്യയിലെ പട്ടാജെ, മല്ലടുക്ക എന്നിവിടങ്ങളില്‍ മിന്നല്‍ ചുഴലി ഉണ്ടായത്. പ്രദേശത്ത് രാത്രി ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മിന്നല്‍ ചുഴലി ഉണ്ടായത്. പല വീടുകള്‍ക്ക് മുകളില്‍ സ്ഥാപിച്ച ഷീറ്റുകള്‍ കാറ്റില്‍ പറന്നു പോയി. മുന്നൂറോളം വാഴകളും നിരവധി കമുകുകളും നിലപൊത്തിയിട്ടുണ്ട്.

തൃശ്ശൂരിൽ ചാലക്കുടിപ്പുഴ തീരത്തും പുലർച്ചെ മൂന്നരയോടെ ചുഴലിക്കാറ്റുണ്ടായി. മൂഞ്ഞേലി, തോട്ടവീഥി, കീഴ്താണി മോനിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതൽ നാശം. ചുഴലിക്കറ്റിൽ നിരവധി മരങ്ങളും, വൈദ്യുത പോസ്റ്റും തകർന്നു. വീടുകളുടെ റൂഫിംഗ് ഷീറ്റ് പറന്നുപോയി. മോനിപ്പിള്ളി ക്ഷേത്രത്തിന്റെ മുൻവശത്തുള്ള വൻ ആൽമരം കടപുഴകി. കൃഷി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലങ്ങൾ സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തുകയാണ്.

Top