മോട്ടോര്‍ വാഹന വകുപ്പിന്‍റെ മിന്നല്‍ പരിശോധന; 178 സ്വകാര്യ ബസുകൾക്കെതിരെ കേസ്

എറണാകുളത്ത് സ്വകാര്യ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന. പൊലീസുമായി ചേർന്ന് നടത്തിയ പരിശോധനയില്‍ വ്യാപക നിയമ ലംഘനം കണ്ടെത്തി. രാവിലെ പതിനൊന്നു മണി മുതല്‍ ഉച്ചക്ക് ഒരു മണിവരെയുള്ള ചെറിയ സമയത്തിനുള്ളില്‍ മാത്രം 178 സ്വകാര്യ ബസുകളിലാണ് നിയമ ലംഘനം കണ്ടെത്തിയത്. 420 ബസുകള്‍ പരിശോധിച്ചതിൽ നിന്നാണ് ഇത്രയധികം ബസുകളില്‍ നിയമ ലംഘനത്തിന് കേസെടുത്തത്.

കൊച്ചി നഗരത്തിലും പരിസരങ്ങളിലുമായി ആറിടത്താണ് ഇന്ന് സ്വകാര്യ ബസുകളില്‍ പരിശോധന നടത്തിയത്. തൃക്കാക്കര, വൈറ്റില, തൃപ്പുണിത്തുറ, ഫോര്‍ട്ട് കൊച്ചി, കലൂര്‍,ഹൈക്കോടതി ജംങ്ഷൻ എന്നിവിടങ്ങളിലായിരുന്നു പരിശോധന. പൊലീസും മോട്ടാര്‍ വാഹന വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. കൊല്ലത്ത് ടൂറിസ്റ്റ് ബസിനു മുകളിൽ പൂത്തിരി കത്തിച്ച സംഭവത്തിനെ തുടര്‍ന്നാണ് ടൂറിസ്റ്റു ബസുകള്‍ക്കൊപ്പം സ്വകാര്യ ബസുകളിലും പരിശോധന കര്‍ശനമാക്കാൻ മോട്ടാര്‍ വാഹന വകുപ്പും പൊലീസും തീരുമാനിച്ചത്. ഇത്തരം നിയമലംഘനങ്ങൾ തുടർച്ചയാകുന്നതിന്‍റെ കാരണം വിശദീകരിക്കാൻ സർക്കാരിനോട് ഹൈക്കോടതി സിംഗിൾ ബെഞ്ച് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Top