സംസ്ഥാനത്തെ ടെക്‌സ്‌റ്റൈല്‍ ഷോറൂമുകളില്‍ തൊഴില്‍ വകുപ്പിന്റെ മിന്നല്‍ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ ടെക്‌സ്‌റ്റൈല്‍ ഷോറൂമുകളില്‍ തൊഴില്‍ വകുപ്പിന്റെ മിന്നല്‍ പരിശോധന. മുന്നൂറോളം നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി ലേബര്‍ കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. 82 ഷോറൂമുകളില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.

കേരള ഷോപ്പ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം, മിനിമം വേതന നിയമം, പേയ്‌മെന്റ് ഓഫ് വേജസ് നിയമം, മെറ്റേണിറ്റി ബെനഫിറ്റ് നിയമം, നാഷണല്‍ ആന്‍ഡ് ഫെസ്റ്റിവല്‍ ഹോളിഡേയ്‌സ് നിയമം എന്നീ തൊഴില്‍ നിയമങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ജോലിസ്ഥലത്തു ഇരിക്കാനുള്ള അവകാശം, ബാലവേല എന്നിവയും പരിശോധനയുടെ ഭാഗമായിരുന്നു.

റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാര്‍, ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 3724 തൊഴിലാളികള്‍ ജോലി ചെയ്യുന്നതില്‍ 710 തൊഴിലാളികള്‍ക്ക് മിനിമം വേതനം ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു.

തൊഴില്‍ നിയമങ്ങള്‍ അനുശാസിക്കുന്ന സമയപരിധിക്കുള്ളില്‍ നിയമലംഘനങ്ങള്‍ പരിഹരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അല്ലാത്തപക്ഷം പ്രോസിക്യൂഷന്‍ അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്നും കമ്മീഷണര്‍ അറിയിച്ചു.

Top