തെലങ്കാനയില്‍ മിന്നല്‍ പ്രളയം; ഏഴ് മരണം

ഹൈദരാബാദ്: തെലങ്കാനയില്‍ മിന്നല്‍ പ്രളയത്തില്‍ നവവധുവും എന്‍ജിനീയറും ഉള്‍പ്പെടെ ഏഴ് മരണം. വിവാഹാനന്തര ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ നവവധു പ്രവാളിക വരന്‍ നവാസ് റെഡ്ഡി എന്നിവരുള്‍പ്പെടെ ആറ് പേര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒഴുക്കില്‍ പെടുകയായിരുന്നു. പ്രവാളിക, ഭര്‍തൃസഹോദരി ശ്വേത, ശ്വേതയുടെ മകന്‍ ത്രിനാഥ് റെഡ്ഡി (9) എന്നിവര്‍ ഒഴുകിപ്പോയി. കുട്ടിയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

വാറങ്കലില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഞായറാഴ്ച രാത്രിയോടെ ഓടയില്‍ കണ്ടെത്തുകയായിരുന്നു. വെരോം ക്രാന്തി കുമാര്‍ ശിവനഗറില്‍ നിന്നുള്ളയാളാണെന്നു തിരിച്ചറിഞ്ഞു. ഇയാളുടെ ലാപ്ടോപ്പും കണ്ടെത്തി. ശങ്കരപ്പള്ളിയില്‍ എഴുപതുകാരന്‍ കാറിനൊപ്പം ഒഴുകിപ്പോയതായും അദിലാബാദില്‍ മുപ്പതുകാരനായ തൊഴിലാളി ഒഴുകിപ്പോയതായും റിപ്പോര്‍ട്ടുണ്ട്.

യദാദ്രി ഭോംഗിര്‍ ജില്ലയില്‍ സ്‌കൂട്ടറില്‍ പോയ രണ്ട് പെണ്‍കുട്ടികള്‍ ഒഴുക്കില്‍പെട്ടു. മറ്റൊരിടത്ത് ശക്തമായ ഒഴുക്കില്‍പെട്ട ബസില്‍നിന്ന് 12 യാത്രക്കാരെ രക്ഷിച്ചു.

Top