മിന്നല്‍ പ്രളയം; 14 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, 102 പേരെ കാണാതായി, സിക്കിമില്‍ അതീവ ജാഗ്രതാ നിര്‍ദേശം

ഗാങ്‌ടോക്: മിന്നല്‍ പ്രളയമുണ്ടായ സിക്കിമില്‍ 14 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 102 പേരെ കാണാതായി. മരിച്ചവരില്‍ മൂന്ന് പേര്‍ വടക്കന്‍ ബംഗാളില്‍ നിന്നുളളവരാണ്. കാണാതായവരില്‍ 22 പേര്‍ സൈനികരാണ്. കാണാതായ സൈനികരില്‍ ഒരാള്‍ രക്ഷപ്പെട്ടതായും ആയിരത്തിലധികം ആളുകള്‍ ഒറ്റപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

വടക്കന്‍ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിലാണ് മേഘ വിസ്ഫോടനം ഉണ്ടായത്. ഇതിനെ തുടര്‍ന്ന് ടീസ്ത നദിയില്‍ മിന്നല്‍ പ്രളയം ഉണ്ടാവുകയായിരുന്നു. സൈനിക വാഹനങ്ങള്‍ അടക്കം ഒലിച്ചു പോയതായാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ 1.30 ഓടെയാണ് വെള്ളപ്പൊക്കമുണ്ടായത്. ചുങ്താങ് അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിട്ടതാണ് സാഹചര്യം കൂടുതല്‍ വഷളാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൂവായിരത്തിലധികം വിനോദസഞ്ചാരികള്‍ സിക്കിമിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി സിക്കിം ചീഫ് സെക്രട്ടറി വി ബി പഥക് പറഞ്ഞു. 14 പാലങ്ങള്‍ ഒലിച്ചു പോയതിനാല്‍ റോഡ് ഗതാഗതം തകര്‍ന്നിരിക്കുകയാണ്. ഇതില്‍ ഒമ്പതെണ്ണം ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ നിര്‍മ്മിച്ചതാണ്. അഞ്ചെണ്ണം സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ചതുമാണെന്ന് പഥക് പറഞ്ഞു.

സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ടീസ്ത നദി തീരത്തു നിന്ന് വിട്ടുനില്‍ക്കാന്‍ ജനങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ഭരണകൂടം മുന്‍കരുതല്‍ നടപടിയായി നദിയുടെ താഴ്ന്ന വൃഷ്ടിപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കല്‍ ആരംഭിച്ചിട്ടുണ്ട്. സിങ്തമിലെ നദീതടത്തിന് സമീപമുള്ളവരെ നഗരത്തിലെ താല്‍ക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

Top