വ്യോമസേനയ്ക്ക് കരുത്തേകാൻ ലൈറ്റ് കോംബാറ്റ് ഹെലികോപ്ടറുകൾ എത്തി

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്തായി മിസൈലുകളും മറ്റ് ആയുധങ്ങളും പ്രയോഗിക്കാൻ കഴിവുള്ള ലൈറ്റ് കോംബാറ്റ് ഹെലികോപ്ടറുകൾ എത്തി. ഇന്ത്യയിൽ തദ്ദേശീയമായ നിർമിച്ച ഈ പ്രതിരോധ ഹെലികോപ്ടറുകൾ പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ് ഇന്ന് വ്യോമസേനയ്ക്ക് കൈമാറും. പ്രതിരോധ മന്ത്രിയുടേയും എയർ ചീഫ് മാർഷൽ വി.ആർ ചൗധരിയുടേയും സാന്നിധ്യത്തിൽ ജോധ്പൂരിൽ നടക്കുന്ന ചടങ്ങിലാണ് ഹെലികോപ്ടറുകളെ വ്യോമസേനയുടെ ഭാ​ഗമാക്കുക. ഇതിനായി പ്രതിരോധമന്ത്രി ജോധ്പൂരിൽ എത്തി. ഈ ഹെലികോപ്ടറുകള്‍ വ്യോമസേനയുടെ പോരാട്ട വീര്യത്തിന് വലിയ ഉത്തേജനമാകുമെന്ന് പ്രതിരോധ മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ഇതുവരെ എൽ.സി.എച്ച് എന്ന് വിളിച്ചിരുന്ന ഹെലികോപ്ടറിന്റെ പുതിയ പേര് പ്രതിരോധ മന്ത്രി വെളിപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. ഒരു ഹെലികോപ്ടറിൽ കയറി മന്ത്രി യാത്ര നടത്താനും തീരുമാനിച്ചിട്ടുണ്ട്. പത്ത് ഹെലികോപ്ടറുകളാണ് ആദ്യ ബാച്ചിൽ വ്യോമസേനയ്ക്കൊപ്പം ചേരുന്നത്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ) വികസിപ്പിച്ചെടുത്ത ലൈറ്റ് കോംബാറ്റ് ഹെലികോപ്ടർ (എൽ.സി.എച്ച്) ഉയർന്ന പ്രദേശങ്ങളിലെ വിന്യാസത്തിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

Top