അരുണാചലില്‍ റൈഫിള്‍സ് പട്രോള്‍ സംഘത്തിനു നേരെ ഒളിയാക്രമണം; ഒരു ജവാന് വീരമൃത്യു

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ അസം റൈഫിള്‍സ് പട്രോള്‍ സംഘത്തിന് നേരെ തീവ്രവാദികള്‍ ഒളിയാക്രമണം നടത്തി. തിറാപ് ജില്ലയിലാണ് സംഭവം. ആക്രമണത്തില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തുള്ള തിറാപിലെ ഖോന്‍സ ലാസു റോഡിലെ സാന്‍ലിയം ജങ്ഷനിലാണ് സംഘത്തിന് നേരെ ആക്രമണമുണ്ടായത്. പ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തി വരികയാണ്.

മരിച്ച ജവാന്‍ ആന്ധ്രപ്രദേശ് സ്വദേശിയാണെന്ന് റിപ്പോര്‍ട്ട്. നാഗ തീവ്രവാദ സംഘടനകളില്‍ ഉള്‍പ്പെട്ട എന്‍.എസ്.സി.എന്‍-ഐ.എം എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഈ വര്‍ഷം ജൂണില്‍ എന്‍.എസ്.സി.എന്‍-ഐ.എം എന്ന സംഘടനയിലെ ആറ് തീവ്രവാദികളെ അസം റൈഫിള്‍സ് കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് ഇന്ന് രാവിലെ നടന്ന ആക്രമണമെന്നും പറയപ്പെടുന്നു.

Top