ലിഗയുടെ മരണം; അറസ്റ്റ് വൈകും; സംഘം ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നു

liga_01

തിരുവനന്തപുരം: വിദേശവനിത ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളുടെ അറസ്റ്റു നടപടികള്‍ വൈകുന്നു. കൊലക്കുറ്റം ചുമത്താന്‍ പരമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് അറസ്റ്റ് വൈകുന്നതെന്നാണ് പൊലീസ് അറിയിച്ചത്.

മാനഭംഗശ്രമത്തിനുള്ള ബലപ്രയോഗത്തിലാണ് ലിഗ കൊല്ലപ്പെട്ടതെന്ന് വ്യക്തമായെങ്കിലും പഴുതടച്ച കുറ്റപത്രം തയ്യാറാക്കാനാണ് ഈ തെളിവുശേഖരണം. തീവ്ര നിലപാടുള്ള ഒരു ദളിത് സംഘടനയുമായി ബന്ധമുള്ളവരാണ് കസ്റ്റഡിയിലുള്ള മൂന്നുപേരെന്ന് പൊലീസ് പറഞ്ഞു. പരസ്പരവിരുദ്ധമായ മൊഴി നല്‍കി ഇവര്‍ പൊലീസിനെ കുഴപ്പിക്കുകയാണ്. മൃതദേഹം കണ്ടെത്തിയ പൂനംതുരുത്തിലെ കണ്ടല്‍കാട്ടിലും തൊട്ടടുത്തെ പാര്‍വതീ പുത്തനാറിലും പൊലീസ് ഇന്നലെയും തിരച്ചില്‍ നടത്തിയിരുന്നു.

35ദിവസം പഴക്കമുള്ളതും അഴുകിയതുമായ മൃതദേഹത്തില്‍ നിന്ന് തെളിവുകള്‍ ശേഖരിക്കാനാവാതിരുന്നതാണ് പൊലീസുകാരെ കുഴപ്പിച്ചത്. ആന്തരിക അവയവങ്ങളുടെ ഫോറന്‍സിക്, രാസ പരിശോധനാ ഫലം ലഭിച്ചാലേ മാനഭംഗം നടന്നിട്ടുണ്ടോ എന്നതിലടക്കം വ്യക്തത വരൂ.

പൂനംതുരുത്തിലെ കണ്ടല്‍കാട്ടില്‍ ഒരു അതിഥിയുണ്ടെന്ന് കസ്റ്റഡിയിലുള്ള ഉമേഷ് പറഞ്ഞതായും മൂന്നുപേര്‍ ചേര്‍ന്ന് ലിഗയെ കാട്ടില്‍ ഓടിക്കുന്നത് കണ്ടെന്നും മൊഴികളുണ്ട്. എന്നാല്‍ ബീച്ചില്‍ വച്ച് ലിഗയെ കണ്ടെന്നും സിഗരറ്റ് ചോദിച്ചപ്പോള്‍ നല്‍കിയില്ലെന്നുമാണ് രണ്ട് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. കാര്യങ്ങള്‍ വ്യക്തമായി ഓര്‍ക്കുന്നില്ലെന്നാണ് മറ്റൊരാളുടെ മൊഴി. ഇവരുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കുന്നുണ്ട്.

വിദേശരാജ്യങ്ങളും ഏജന്‍സികളും നിരീക്ഷിക്കുന്ന കേസായതിനാല്‍ അന്വേഷണം പഴുതടച്ചതാവണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹറ അന്വേഷണസംഘത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. പനത്തുറ വടക്കേകുന്നിലെ സഹോദരങ്ങളടക്കം മൂന്നുപേരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. ഇവര്‍ അടിപിടി, കഞ്ചാവ് വില്‍പ്പന കേസുകളില്‍ പ്രതികളാണ്. മനഃശാസ്ത്ര വിദഗ്ധന്റെ സഹായത്തോടെയാണ് ഇവരെ ചോദ്യംചെയ്യുന്നത്.

അതേസമയം, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറില്ലെന്നും, അല്‍പ്പം വൈകിയാലും ശാസ്ത്രീമായി കേസ് തെളിയിക്കുമെന്നും രാസപരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

Top