‘മുഖ്യമന്ത്രി കാണാന്‍ അനുവദിച്ചില്ല, ഡിജിപി ആക്രോശിച്ചു’; ലിഗയുടെ ബന്ധുക്കള്‍ നേരിട്ടത് അവഗണന

liga-new

തിരുവനന്തപുരം: കേരളത്തില്‍ ചികിത്സക്കെത്തിയ വിദേശവനിത ലിഗയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കാണാനെത്തിയ ബന്ധുക്കള്‍ നേരിട്ടത് കടുത്ത അവഗണന. ലിഗയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതി പോലും കേള്‍ക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. പരാതി പറയാനെത്തിയ ബന്ധുക്കളെ ആക്രോശിച്ച് മടക്കിവിടുകയാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ചെയ്തത്.

സാമൂഹിക പ്രവര്‍ത്തകയായ അശ്വതി ജ്വാലയാണ് ലിഗയുടെ ബന്ധുക്കള്‍ നേരിട്ട അവഗണനയെക്കുറിച്ച് വെളിപ്പെടുത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്ത പോത്തന്‍കോട് പൊലീസ്‌ ലിഗയെ കാണാതായെന്ന് പറയുന്ന കോവളത്തെ സ്‌റ്റേഷനില്‍ വിവരം അറിയിച്ചില്ല. പ്രദേശത്ത് തെരച്ചില്‍ പോലും നടത്തിയില്ല. ഒടുവില്‍ ഭര്‍ത്താവ് ആന്‍ഡ്രൂസ് ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിച്ചതിന് ശേഷമാണ് പൊലീസ് അന്വേഷണം കാര്യക്ഷമമായത്.

മുഖ്യമന്ത്രിയെ കാണാനുള്ള അനുമതിയെടുത്ത് ഒരു ദിവസം രാവിലെ മുതല്‍ നിയമസഭക്ക് മുന്നില്‍ ഇവര്‍ കാത്തുനിന്നു. എന്നാല്‍ പഴ്‌സണല്‍ സെക്രട്ടറിയെ പല തവണ ഫോണില്‍ വിളിച്ചിട്ടും എടുത്തില്ല, അകത്തേക്ക് കടത്തിവിട്ടുമില്ല. ഒടുവില്‍ 11 മണിയോടെ മുഖ്യമന്ത്രിയുടെ കാര്‍ ചീറിപ്പാഞ്ഞ് പുറത്തേക്കുപോയി. ഈ മുഖ്യമന്ത്രിയെ കാണാനാണോ നമ്മളിവിടെ കാത്തുനിന്നതെന്ന് ലിഗയുടെ സഹോദരി ചോദിച്ചെന്നും അശ്വതി പറഞ്ഞു.

പിന്നീട് ഡിജിപിയെ കാണാന്‍ പോയപ്പോഴും നേരിട്ടത് ദുരനുഭവം തന്നെ. ആദ്യദിവസം മൂന്ന് മണിക്കൂര്‍ കാത്തുനിര്‍ത്തിച്ച ശേഷം അടുത്തദിവസം കാണാമെന്ന് പറഞ്ഞു. പിന്നീട് ചെന്നപ്പോള്‍ അദ്ദേഹം ആക്രോശിച്ച് മടക്കിയയച്ചു. കേരള പൊലീസിനെ പഠിപ്പിക്കേണ്ടെന്നും കേസ് അന്വേഷിക്കാന്‍ തങ്ങള്‍ക്കറിയാമെന്നുമായിരുന്നു ഡിജിപി പറഞ്ഞത്. പൊലീസിനെ കുറ്റം പറഞ്ഞാല്‍ ഒരു മിസ്സിങ് കേസ് എന്ന നിലയില്‍ പരാതി എഴുതിത്തള്ളുമെന്ന് ഭീഷണിയും മുഴക്കി. ഒടുവില്‍ താങ്ങളുടെ ഭാര്യയെ കാണാതായാല്‍ ഇങ്ങനെ പെരുമാറുമോ എന്ന ചോദ്യത്തിന് മുന്നിലാണ് അന്വേഷണം കാര്യക്ഷമമാക്കാമെന്ന് ഡിജിപി സമ്മതിച്ചത്.

ലാത്‌വിയ സ്വദേശി ലിഗ(33)യെ ആയുര്‍വേദ ചികിത്സക്കിടെ പോത്തന്‍കോട് നിന്ന് കഴിഞ്ഞ മാര്‍ച്ച് 14നാണ് കാണാതായത്. തിരുവല്ലം പനത്തുറ ചേന്തിലക്കരി ഭാഗത്തെ കണ്ടല്‍ക്കാട്ടിനുള്ളിലാണു ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നു നടന്ന ഫോറിന്‍സിക് പരിശോധനയില്‍ അതു ലിഗയുടേതാണെന്നു വ്യക്തമാവുകയായിരുന്നു.

Top